'ലിജോ എന്നൊരു സംവിധായകനിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ മലെെക്കോട്ടെ വാലിബൻ തിയറ്ററിൽ തന്നെ കാണണം'; ലിജോ ജോസ് പെല്ലിശ്ശേരി

'ലിജോ എന്നൊരു സംവിധായകനിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ മലെെക്കോട്ടെ വാലിബൻ തിയറ്ററിൽ തന്നെ കാണണം'; ലിജോ ജോസ് പെല്ലിശ്ശേരി
Published on

ലിജോ എന്ന സംവിധായകനിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ട് എങ്കിൽ മലെെക്കോട്ടെെ വാലിബൻ തിയറ്ററിൽ തന്നെ പോയി കാണണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഇതുവരെയുള്ള തന്റെ മുഴുവൻ സിനിമ അനുഭവത്തിൽ നിന്നുണ്ടായ കാഴ്ചയിൽ നിന്നുമാണ് വാലിബൻ എന്ന ചിത്രം എടുത്തിരിക്കുന്നത് എന്നും അത് ഒരിക്കലും മലയാളിക്ക് ഒരു മോശം സിനിമ സമ്മാനിക്കാൻ വേണ്ടിയല്ല എന്നും ലിജോ പറയുന്നു. ഇത് തിയറ്ററിൽ തന്നെ കാണേണ്ടുന്ന ഒരു സിനിമയാണെന്നും എന്തിനാണ് ഇത്രയേറെ വിദ്വേഷം ഈ സിനിമയ്ക്കെതിരെ പരത്തുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും പ്രസ്സ് മീറ്റിൽ ലിജോ പറഞ്ഞു.

ലിജോ പറഞ്ഞത്:

എത്രയോ വലിയ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഒരു പ്രളയം കടന്നു വന്ന ആളുകളാണ്. അത് കഴിഞ്ഞ് കൊറോണ. ഇത്രയും കടന്നു വന്ന ആളുകൾ എന്തിനാണ് ഇത്രയും വിദ്വേഷം അങ്ങോട്ടും ഇങ്ങോട്ടും വയ്ക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല, കുറച്ച് ഭക്ഷണവും കിടന്ന് ഉറങ്ങാൻ ഒരു സ്ഥലവും മതിയെന്ന് മനസിലാക്കിയ മനുഷ്യരാണെല്ലോ നമ്മൾ. എന്നിട്ടും ഇതിനും മാത്രം വെെരാഗ്യവും വിദ്വേഷവും പരത്തുന്നത് എന്തിനാണ് എന്ന് ഒരു തരത്തിലും ആലോചിച്ചിട്ട് എനിക്ക് മനസ്സിലാവുന്നില്ല.

നമ്മുടെ സിനിമ ആസ്വാദനത്തിന് മറ്റൊരാളുടെ വാക്ക് എന്തിന് നമ്മൾ അ‍ടിസ്ഥാനമാക്കണം? പത്ത് സിനിമ മാത്രം പ്രായമുള്ള ഞാൻ എന്റെ മൊത്തം സിനിമ കാഴ്ചയിൽ നിന്നും സിനിമ അനുഭവത്തിൽ നിന്നും മൊത്തമായി കൂട്ടിവച്ച ഒരു സിനിമയാണ് പത്താമതായി എടുത്തിരിക്കുന്നത്. ഇനി അടുത്തതിലേക്ക് പോകുമ്പോൾ ഇതിൽ നിന്നുള്ള അനുഭവം കൂടി അതിൽ കൂട്ടിച്ചേർക്കും. അതൊരിക്കലും മലയാളിക്ക് ഒരു മോശം സിനിമ സമ്മാനിക്കാൻ വേണ്ടിയല്ല. ഇത് തിയറ്ററിൽ കാണേണ്ടുന്ന ഒരു സിനിമയാണ് എന്ന് വളരെ സ്ട്രോങ്ങായി ഞാൻ പറയുന്നുണ്ട്. ഇരുപത്തിയെട്ട് ദിവസം മാത്രമേയുള്ളൂ നമുക്ക് ഇത് തിയറ്ററിൽ കാണാൻ. അല്ലെങ്കിൽ പത്തോ ഇരുപതോ വർഷത്തിനിപ്പുറം മറ്റാരെങ്കിലും അത് തിയറ്ററിൽ റീ-റിലീസ് ചെയ്യുമ്പോൾ മാത്രമാണ് ആൾക്കാർക്ക് അത് തിയറ്ററിൽ കാണാൻ അവസരം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഈ ഇരുപത്തിയെട്ട് ദിവസം നിങ്ങൾ ഉപയോ​ഗിക്കണം. ലിജോ എന്നൊരു സംവിധായകനിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ട് എങ്കിൽ ഞാൻ പറയുന്ന ഈ വാക്കും വിശ്വസിക്കണം. സിനിമ കാണണം നിങ്ങൾ, തിയറ്ററിൽ തന്നെ. ഇത് ഒരു പ്രത്യേക തരം ആളുകളെ മനസ്സിലാക്കാൻ വേണ്ടി എടുത്ത സിനിമയല്ല. എന്റെ കാഴ്ചയാണ് ഞാൻ ആളുകൾക്ക് കൊടുക്കാൻ ശ്രമിക്കുന്നത്. അത് ഇത്ര ആൾക്കാർ മാത്രം കണ്ടാൽ മതി മറ്റേയാൾ കാണേണ്ട എന്നൊന്നുമില്ല അതിൽ.

കൂട്ടം കൂടിയിരുന്ന് മുത്തശ്ശിക്കഥ കേൾക്കുന്ന ബാല്യകാലത്തിന്റെ ഓർമ്മയ്ക്കും അത് അനുഭവിക്കാൻ സാധിക്കാത്ത കുട്ടികൾക്കും ഇനി വരാനിരിക്കുന്ന തലമുറയിലെ കുട്ടികൾക്കും വേണ്ടി ഞാൻ കൊടുത്ത ഒരു ട്രിബ്യൂട്ടാണ് വാലിബൻ എന്നും ലിജോ പറഞ്ഞു. സിനിമ കണ്ട് അഭിപ്രായം പറയണമെന്നും നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നും ലിജോ പറയുന്നു.ഴോണർ ലെസ്സ് ആയ ഒരു അമർചിത്രകഥ വായിക്കുന്നത് പോലെയുള്ള കഥയാണ് മലൈക്കോട്ടൈ വാലിബന്റേതെന്ന് മുമ്പ് തന്നെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. കാലങ്ങളും ദേശങ്ങളും ഇല്ലാത്തൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്നാണ് മോഹൻലാലും ചിത്രത്തിന്റെ പ്രസ് മീറ്റിൽ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in