ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിവിൻ പോളി ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'

ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിവിൻ പോളി ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'
Published on

റൊമാനിയയിലെ ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിവിൻ പോളി ചിത്രമായ 'ഏഴ് കടൽ ഏഴ് മലൈ'. റോട്ടർഡാമിലും മോസ്കോയിലും അരങ്ങേറ്റം കുറിച്ച ശേഷം ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഏഴ് കടൽ ഏഴ് മലൈ അതിൻ്റെ ആഗോള യാത്ര തുടരുന്നു എന്നാണ് വാർത്ത പങ്കുവച്ചുകൊണ്ട് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. സൂരി, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

നേരത്തെ ചിത്രം 46മത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കാണ് ചിത്രം 46മത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടത്. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ചിത്രം റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരച്ച ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രണയത്തിന് വേണ്ടി കാലങ്ങളും നാടുകളും താണ്ടി സഞ്ചരിക്കുന്ന നായകന്റെ കഥയായിരിക്കും ചിത്രം എന്നാണ് ടീസർ നൽകിയ സൂചന.

വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

Related Stories

No stories found.
logo
The Cue
www.thecue.in