'ഇത് ഇലക്ഷനല്ല, സിനിമയാണ്'; ബീസ്റ്റ് തിയേറ്ററില്‍ പോയി കാണുമെന്ന് യാഷ്

'ഇത് ഇലക്ഷനല്ല, സിനിമയാണ്'; ബീസ്റ്റ് തിയേറ്ററില്‍ പോയി കാണുമെന്ന് യാഷ്
Published on

സിനിമ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് യാഷ് നായകനാകുന്ന കെ.ജി.എഫിന്റെ രണ്ടാം ഭാഗവും വിജയ് നായകനാകുന്ന ബീസ്റ്റും. കെ.ജി.എഫ് 2 ഏപ്രില്‍ 14നും ബീസ്റ്റ് 13നും റിലീസിനെത്തുമ്പോള്‍ കടുത്ത മത്സരമായിരിക്കും നടക്കുക എന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. എന്നാല്‍ ഇരു ചിത്രങ്ങളുടെയും റിലീസ് ഒരു മത്സരമായി കാണേണ്ട കാര്യമില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കെ.ജി.എഫ് നായകനും കന്നഡ സൂപ്പര്‍ താരവുമായ യാഷ്.

രണ്ട് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഒരുമിച്ചെത്തുന്നത് സിനിമ മേഖലക്ക് ഗുണം ചെയ്യുമെന്നും ഒരു വിജയിയെ കണ്ടെത്താന്‍ ഇത് ഇലക്ഷനല്ലെന്നും യാഷ് പ്രതികരിച്ചു. ബിസ്റ്റ് ഉറപ്പായും താന്‍ തിയേറ്ററില്‍ പോയി കാണുമെന്നും യാഷ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 27ന് കെ.ജി.എഫിന്റേതായി നടന്ന പ്രീ റിലീസ് ചടങ്ങിലാണ് യാഷ് ഇക്കാര്യം അറിയിച്ചത്.

"ഇത് ഇലക്ഷനല്ല. സിനിമയാണ്. കെ.ജി.എഫ് 2 - ബീസ്റ്റ് പോരട്ടമായി ഇതിനെ ആരും കാണേണ്ടതില്ല. ഇത്തരം താരതമ്യങ്ങള്‍ അനുവദിച്ചുകൊടുക്കാനാവില്ല. വിജയ് എന്റെ സീനിയറാണ്. രണ്ട് സിനിമകളും പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി കാണുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. രണ്ട് സിനിമകളും തിയേറ്ററില്‍ പോയി കണ്ട് ഇന്ത്യന്‍ സിനിമയെ നമുക്കൊരു ആഘോഷമാക്കാം." യാഷ് പറഞ്ഞു.

ഏപ്രില്‍ 13ന് റിലീസിനെത്തുന്ന ബീസ്റ്റ് ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. നെല്‍സന്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്‌ക്കൊപ്പം സെല്‍വരാഘവന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് 2 ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്. യാഷിനൊപ്പം രവീണ ടണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍ അണിചേരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in