സംഗീതം പഠിക്കാന്‍ ആദ്യമായി താല്‍പ്പര്യം തോന്നിയത് യാനിയുടെ ലൈവ് കണ്ടാണെന്ന് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. യാനി കീബോര്‍ഡ് വായിക്കുന്നത് കണ്ട് ചെറുപ്പത്തില്‍ തന്റെ കളിപ്പാട്ട കീബോര്‍ഡില്‍ തട്ടി നോക്കിയിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ട്യൂണുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് ചിട്ടപ്പെടുത്തിയ ചില ട്യൂണുകള്‍ പിന്നീട് സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്. പഴകിയ സൃഷ്ടികളുടെ പോരായ്മ ആ ട്യൂണുകള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അതിലെ വരികളോ മെലഡികളോ ഇന്നും ഉപകാരപ്പെടാറുണ്ടെന്ന് ആമസോണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ അനിരുദ്ധ് രവിചന്ദര്‍ പറഞ്ഞു. ഹിറ്റ് ഗാനങ്ങള്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകനാണ് അനിരുദ്ധ്. രജിനികാന്തിന്റെ 'വേട്ടയനും' തെലുങ്ക് ചിത്രം ദേവരയുമാണ് അനിരുദ്ധിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.
അനിരുദ്ധ് പറഞ്ഞത്:
മാതാപിതാക്കള്‍ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് കളിപ്പാട്ടമായി ചെറിയ കീബോര്‍ഡ് വാങ്ങി കൊടുക്കില്ലേ. ചെറുപ്പത്തില്‍ അങ്ങനെ ഒരു കീബോര്‍ഡ് എനിക്കും കിട്ടിയിട്ടുണ്ട്. അതില്‍ തട്ടിക്കൊണ്ടേയിരിക്കുമായിരുന്നു. യാനി താജ് മഹലില്‍ അവതരിപ്പിച്ച സംഗീത നിശയുടെ ലൈവ് ടിവിയില്‍ കണ്ടത് ഓര്‍മ്മയുണ്ട്. ആ കാഴ്ച ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. ആ ടിവി, യാനി ധരിച്ചിരുന്ന വെളുത്ത ഷര്‍ട്ട്, അങ്ങനെ കുറച്ച് ഓര്‍മ്മകളുണ്ട്. ദൃശ്യവും ശബ്ദവും ചേര്‍ന്ന ആ അനുഭവമാണ് യാനി വായിക്കുന്നതുപോലെ കളിപ്പാട്ട കീബോര്‍ഡില്‍ തട്ടി നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സംഗീതത്തില്‍ താല്‍പ്പര്യമുണ്ടായതിന്റെ ആദ്യ ഓര്‍മ്മ അത് തന്നെയാണ്.
വളരെ നേരത്തെ തന്നെ എന്റെ രീതിയില്‍ സംഗീതം ഞാന്‍ കമ്പോസ് ചെയ്തിരുന്നു. ആറാം ക്ലാസ്സിലോ ഏഴിലോ പഠിക്കുന്ന സമയം തന്നെ കമ്പോസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലും ഒരു പുതിയ കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ അതില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. അതൊരു വലിയ പ്രോസസ്സ് തന്നെയായിരുന്നു. ആ കാലത്ത് ഉണ്ടാക്കിയ ചില ഈണങ്ങള്‍ ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഡെഡ് ലൈന്‍ വരുന്ന സമയത്തോ ട്യൂണ്‍ വരാതാകുമ്പോഴോ മനസ്സില്‍ ഇങ്ങനെ തോന്നും; എന്തുകൊണ്ട് 2002ല്‍ ആലോചിച്ച ട്യൂണുകള്‍ ഉപയോഗിച്ചുകൂടാ. പഴയ സൃഷ്ടിയുടെ പോരായ്മകള്‍ തീര്‍ച്ചയായതും ആ ട്യൂണുകള്‍ക്ക് ഉണ്ടാകും. എന്നാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില വരികളോ മെലഡികളോ അതില്‍ നിന്ന് കിട്ടും.