അഞ്ച് മാസത്തിന് ശേഷം തിരക്കഥാകൃത്തുക്കളുടെ ചരിത്രപരമായ സമരം അവസാനിപ്പിക്കാൻ ഞായറാഴ്ച താൽക്കാലിക ധാരണയിലെത്തി ഹോളിവുഡ് യൂണിയൻ നേതാക്കളും സ്റ്റുഡിയോകളും. സ്ട്രീമിംഗ് സേവനങ്ങൾ, സ്റ്റുഡിയോകൾ, നിർമ്മാതാക്കൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പായ അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സുമായി (AMPTP) റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക (WGA) കരാർ പ്രഖ്യാപിച്ചു. എന്നാൽ സമരത്തിലുള്ള അഭിനേതാക്കൾക്കായി ഒരു കരാറും ഇതുവരെ നടന്നിട്ടില്ല.
ഡബ്ല്യുജിഎ അംഗങ്ങളുടെ നിരന്തരമായ ഐക്യദാർഢ്യവും 146 ദിവസത്തിലധികം പിക്കറ്റ് ലൈനുകളിൽ ഞങ്ങളോടൊപ്പം ചേർന്ന ഞങ്ങളുടെ യൂണിയൻ സഹോദരങ്ങളുടെ അസാധാരണമായ പിന്തുണയുമാണ് ഇത് സാധ്യമാക്കിയതെന്നും അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക (WGA) എഴുതി. ഈ ദശാബ്ദങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഹോളിവുഡ് സമരമായി മാറുന്നതിന് അഞ്ച് ദിവസം മുമ്പാണ് കരാറിൽ ഏർപ്പെട്ടത്. കരാറിന്റെ ഫലമായി, NBC-യുടെ 'ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലോൺ', എബിസിയുടെ 'ജിമ്മി കിമ്മൽ ലൈവ്!' എന്നിവയുൾപ്പെടെയുള്ള ഷോകൾ ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കും.
ശമ്പളവർധനയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (AI) കടന്നുകയറ്റം കുറക്കണം എന്നാവശ്യപ്പെട്ട് ഹോളിവുഡിലെ ആയിരകണക്കിന് എഴുത്തുകാർ മെയ് മാസത്തിലായിരുന്നു അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇത് കൂടാതെ ഹോളിവുഡിലെ മികച്ച സ്റ്റുഡിയോകളും അവരുടെ പ്രോജക്ടുകളിൽ AI യുടെ ഉപയോഗം നിയന്ത്രിക്കണമെന്നും എഴുത്തുകാരുടെ യൂണിയൻ ആയ ദി റൈറ്റർസ് ഗിൽഡ് ഓഫ് അമേരിക്ക (WGA) ആവശ്യപ്പെട്ടു. എന്നാൽ ഹോളിവുഡിലെ വലിയ വിനോദ കമ്പനികളെയും പ്രതിനിധീകരിക്കുന്ന ട്രേഡ് അസോസിയേഷൻ ആയ അലയൻസ് ഓഫ് മോഷൻ പിക്ചർസ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസഴ്സ് (AMPTP) ഈ ആവശ്യത്തെ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് സെപ്റ്റംബറിൽ നടക്കാനിരുന്ന എമ്മി അവാർഡുകൾ ജനുവരിയിലേക്ക് നീട്ടി വക്കുകയും നെറ്റ്ഫ്ലിക്‌സിന്റെ 'സ്ട്രേഞ്ചർ തിംഗ്സ്,' HBO യുടെ 'ദി ലാസ്റ്റ് ഓഫ് അസ്', എബിസിയുടെ 'അബോട്ട് എലിമെന്ററി', കൂടാതെ 'ഡെഡ്‌പൂൾ 3', 'സൂപ്പർമാൻ: ലെഗസി' എന്നിവയുടെ ഷൂട്ടിങ് നിർത്തിവക്കുകയും ചെയ്തിരുന്നു.