‘പ്രിയദര്‍ശന്‍ എന്റെ തിരക്കഥ കോപ്പിയടിച്ചെന്ന് ഞാന്‍ പറയില്ല, ആശയം ചര്‍ച്ച ചെയ്തിരുന്നു’; മരയ്ക്കാര്‍ വിവാദത്തില്‍ ടിപി രാജീവന്‍
കുഞ്ഞാലി മരക്കാറുടെ ജീവിതത്തെ ആസ്പദമാക്കി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ ആരോപണവുമായി എഴുത്തുകാരന്‍ ടിപി രാജീവന്‍. മുന്‍പ് താനെഴുതിയ തിരക്കഥ പ്രിയദര്‍ശനുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് സംവിധായകനില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും ടി പി രാജീവന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു.
പ്രിയദര്‍ശന്‍ എന്റെ തിരക്കഥ കോപ്പിയടിച്ചെന്ന് ഞാന്‍ പറയില്ല, കാരണം പ്രിയദര്‍ശന്‍ അത് വായിച്ചിട്ടില്ല. ആ സിനിമ എന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് എന്നും ഞാന്‍ പറയുന്നില്ല. പക്ഷേ 2016ല്‍ പ്രിയദര്‍ശനുമായുള്ള കൂടിക്കാഴ്ചയില്‍ എന്റെ തിരക്കഥയുടെ പശ്ചാത്തലവും കണ്‍സെപ്റ്റുമെല്ലാം വിശദമായി സംസാരിച്ചിരുന്നു. പ്രിയദര്‍ശന് എന്റെ ആശയം ഇഷ്ടപ്പെടുകയും ഒപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത രണ്ട് കണ്ടീഷനുകള്‍ വെച്ചു. ഒന്ന് ടി ദാമോദരന്‍ പ്രിയദര്‍ശന്റെ സിനിമയ്ക്കായി 10-15 സീനുകള്‍ എഴുതിയിട്ടുണ്ട്, അതുകൊണ്ട് തിരക്കഥയുടെ ക്രെഡിറ്റ് അദ്ദേഹവുമായി പങ്കിടണം. മറ്റൊന്ന് കഥയുടെ ക്രെഡിറ്റ് പ്രിയദര്‍ശനായിരിക്കണം.
ടിപി രാജീവന്‍
2008-2009ലാണ് സംവിധായകന്‍ ജയരാജുമായി ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാറിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആദ്യമായി നടത്തുന്നതെന്ന് രാജീവന്‍ പറഞ്ഞു. ഗവേഷണങ്ങള്‍ നടത്തി തിരക്കഥ പൂര്‍ത്തിയാക്കി. പിന്നീട് തിരക്കഥ മോഹന്‍ലാലിന് നല്‍കിയെന്ന് ജയരാജ് അറിയിച്ചു. ആദ്യം മോഹന്‍ലാല്‍ ചിത്രത്തോട് താത്പര്യം കാണിച്ചിരുന്നുവെങ്കിലും പിന്നീട് പ്രതികരിച്ചില്ല.
പിന്നീട് മറ്റ് പലരും ചിത്രം നിര്‍മിക്കാന്‍ താത്പര്യം കാണിച്ചിരുന്നുവെന്നും അങ്ങനെ ആഗസ്റ്റ് സിനിമാസ് അതിന് വേണ്ടി അഡ്വാന്‍സും നല്‍കിയെന്നും രാജീവന്‍ പറയുന്നു. ആ സമയത്ത് മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ അഞ്ചാമനായി ദേശീയ ഗെയിംസിന്റെ വേദിയിലെത്തിയിരുന്നുവെന്നും അത് തന്റെ കഥാപാത്രത്തോട് സാമ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മരയ്ക്കാര്‍ അഞ്ചാമന്‍ ചരിത്ര രേഖകളില്‍ ഉള്ള വ്യക്തിയല്ല. മരയ്ക്കാറിന്റെ നാടായ കോട്ടക്കലില്‍ ഉള്ള ഒരു കേട്ടുകേള്‍വി മാത്രമാണ്. എന്റെ തിരക്കഥയുടെ ആശയവും ഈ സാങ്കല്‍പ്പിക കഥാപാത്രത്തെ ആസ്പദമാക്കിയായിരുന്നു.മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ ഏത് ചരിത്ര പുസ്തകത്തിലാണ് വായിച്ചതെന്നും കണ്ടെത്തിയതെന്നും ചോദിച്ച് പോസ്റ്റിട്ടിരുന്നുവെങ്കിലും ആരാധകരുടെ ആക്ഷേപം മാത്രമാണ് ലഭിച്ചത്. അതിന് ശേഷമാണ് പ്രിയദര്‍ശനെ കാണുന്നതും ചര്‍ച്ച ചെയ്യുന്നതും. പ്രിയദര്‍ശന്‍ തിരക്കഥ ചോദിച്ചിരുന്നുവെങ്കിലും പിന്നീട് ഒന്നും പറഞ്ഞില്ല.
ടിപി രാജീവന്‍
ചില വ്യക്തികളുടെ സ്ഥാപിത താത്പര്യ പ്രകാരമാണ് ചിത്രം നടക്കാതെ നീണ്ടു പോയതെന്നും രാജീവന്‍ ആരോപിക്കുന്നു. സാങ്കല്‍പ്പികമായ ഒരു കഥാപാത്രത്തില്‍ നിന്ന് കുഞ്ഞാലി മരയ്ക്കാറിന്റെ കഥ ചരിത്രത്തെ വളച്ചൊടിക്കാതെ പറയേണ്ടതുണ്ടെന്നും അതുകൊണ്ടാണ് തന്റെ പുസ്തകം സിനിമയ്ക്ക് മുന്‍പ് പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിപി രാജീവനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അദ്ദേഹം ചിത്രത്തിനൊപ്പം സഹകരിക്കുമോ എന്ന് ചോദിച്ചിരുന്നു, എന്നാല്‍ ആഗസ്റ്റ് സിനിമാസില്‍ നിന്ന് 5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്ന് പറഞ്ഞു, ആ ചിത്രം നടക്കുന്നില്ലെങ്കില്‍ സഹകരിക്കുന്നതില്‍ വിരോധമില്ലെന്നും അറിയിച്ചു. ചിത്രത്തിന്റെ വലിയ ബജറ്റിനനുസരിച്ച് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്ന തരത്തില്‍ സാങ്കല്‍പ്പികമായ ഒരുപാട് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജീവന്റെ പുസ്തകം വായിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ ടി ദാമോദരന്‍ 1999ല്‍ പറഞ്ഞ കഥയുടെയും താന്‍ മൂന്നാം ക്ലാസില്‍ പഠിച്ച പാഠത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് മുന്‍പ് പ്രിയദര്‍ശന്‍ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓവര്‍സീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ആണ് വിറ്റുപോയത്. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചു. 100 കോടി ബജറ്റില്‍ നാലിലേറെ ഭാഷകളിലായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിനെത്തുന്നത്. അടുത്തവര്‍ഷം വിഷു റിലീസായി ചിത്രമെത്തുമെന്നാണ് സൂചന.