'പാർട്ണർ മരിച്ചതുകൊണ്ട് ആ​ഗ്രഹങ്ങൾ ഇല്ലാതാകില്ല' ; സ്ത്രീകൾക്ക് സെക്സിനെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നില്ലെന്ന് ശ്രുതി രാമചന്ദ്രൻ

'പാർട്ണർ മരിച്ചതുകൊണ്ട് ആ​ഗ്രഹങ്ങൾ ഇല്ലാതാകില്ല' ;  സ്ത്രീകൾക്ക് സെക്സിനെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നില്ലെന്ന് ശ്രുതി രാമചന്ദ്രൻ
Published on

ഒരു സ്ത്രീ അവരുടെ ശാരീരികമായുള്ള ആഗ്രഹങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അവള്‍ മോശക്കാരിയാകുകയും അതെ സമയം ഒരു പുരുഷന്‍ അതിനെക്കുറിച്ചു സംസാരിച്ചാല്‍ അത്ര മോശമല്ലാതെയാകുകയും ചെയ്യുന്നുണ്ടെന്ന് നടി ശ്രുതി രാമചന്ദ്രന്‍. നമ്മുടെ ഇമോഷണലായുള്ള, ഫിസിക്കലായുള്ള ആഗ്രഹങ്ങള്‍ നമ്മുടെ പാര്‍ട്ണര്‍ മരിച്ചതുകൊണ്ടു ഇല്ലാതാകില്ലെന്നും. ആണായാലും പെണ്ണായാലും അത്തരം ആഗ്രഹങ്ങള്‍ നിലനില്‍ക്കുമെന്നും ദ ക്യു സ്റ്റുഡിയോയോക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.

രാജേഷ് കെ രാമൻ സംവിധാനം ചെയ്യുന്ന നീരജ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ശ്രുതിയുടെ പ്രതികരണം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ഒരു പാനല്‍ ഡിസ്‌കഷന്‍ നടത്തിയിരുന്നു 'ഷെയിം ത്രൈവ്‌സ് ഇന്‍ സീക്രസി' എന്നായിരുന്നു അതിന്റെ ടൈറ്റില്‍. ഒരു കാര്യം എപ്പോഴാണ് നാണക്കേടാകുന്നത്, അത് രഹസ്യമായി വയ്ക്കുമ്പോഴാണ്. അതില്‍ രണ്ടു ആണുങ്ങള്‍ ഉണ്ടായിരുന്നു അവര്‍ സെക്‌സിനെക്കുറിച്ചു വളരെ ഓപ്പണ്‍ ആയാണ് സംസാരിച്ചത്. എന്നാല്‍ പാനലിലെ സ്ത്രീകള്‍ക്ക് സെക്‌സിനെക്കുറിച്ചു സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ശ്രുതി പറഞ്ഞു.

അവിടെ ഉണ്ടായിരുന്ന വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് സെക്‌സിനെക്കുറിച്ചു ഇപ്പോള്‍ സംസാരിച്ചാല്‍ നാളെ വിവാഹാലോചനകള്‍ നടക്കില്ലായെന്നായിരുന്നു പേടി. ഞാന്‍ വിവാഹിതയാണ് അതിനാല്‍ എനിക്കതിനെക്കുറിച്ചു സംസാരിക്കാന്‍ തടസ്സമൊന്നും ഇല്ലായിരുന്നു. കാരണം സൊസൈറ്റിയുടെ കാഴ്ചപ്പാടില്‍ ഞാനൊരു മാതൃകാപരമായ കുടുംബജീവിതമാണ് നയിക്കുന്നത്.

ശ്രുതി രാമചന്ദ്രന്‍

സ്ത്രീക്കും പുരുഷനും ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങളെ നമ്മള്‍ തഴയാറില്ല. സൊസൈറ്റി എങ്ങനെ ആണ് ഈ ജന്‍ഡേഴ്‌സ് തമ്മിലുള്ള വേര്‍തിരിക്കല്‍ നടത്തുന്നുവെന്നാണ് 'നീരജ' എന്ന സിനിമ സംസാരിക്കുന്നതെന്ന് ശ്രുതി കൂട്ടിച്ചേര്‍ത്തു.

രാജേഷ്.കെ.രാമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ഗോവിന്ദ് പദ്മസൂര്യ, ജിനു ജോസഫ്, ശ്രിന്ദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ കന്നട ചിത്രം 'നതിചരമീ' യുടെ റീമേക്കാണ് നീരജ. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉമാ, എം. രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണനും സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് നിര്‍വഹിക്കുന്നത്. ചിത്രം ജൂണ്‍ രണ്ടിന് തിയറ്ററുകളിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in