'ആ ഷോട്ട് കഴിഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു, റിഹേഴ്സലില്ലാതെ നേരെ ടേക്കിൽ മമ്മൂക്ക ചെയ്ത സീനാണ് അത്'; ഷാഫി

'ആ ഷോട്ട് കഴിഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു, റിഹേഴ്സലില്ലാതെ നേരെ ടേക്കിൽ മമ്മൂക്ക ചെയ്ത സീനാണ് അത്'; ഷാഫി
Published on

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ഷാഫി. മമ്മൂക്കയോടൊപ്പം താൻ നാല് സിനിമകൾ ചെയ്തിട്ടുണ്ടെന്നും ആ നാല് സിനിമകളും തനിക്ക് പ്രധാനപ്പെട്ടതാണ് എന്നും ഷാഫി പറയുന്നു. ഹിറ്റ്ലർ എന്ന ചിത്രത്തിൽ അസിസ്റ്റന്റായി വർക്ക് ചെയ്യുമ്പോഴുള്ള ഓർമ്മകളും മായാവിയുടെ ചിത്രീകരണ സമയങ്ങളിലുള്ള അനുഭവങ്ങളും മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ഷാഫി ക്യു സ്റ്റുഡിയോയുമായി പങ്കുവച്ചു.

ഷാഫി പറഞ്ഞത്:

മമ്മൂക്കയ്ക്ക് എല്ലാവിധ ആയൂർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു. മമ്മൂക്കയിലൂടെ ഇനിയും ഇനിയും അനവധി കഥാപാത്രങ്ങളുണ്ടാവട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർഥിക്കുന്നു. മമ്മൂക്ക എന്റെ നാല് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി, ഇതിൽ നിന്ന് ഒരു സീൻ പിക്ക് ചെയ്യാൻ എന്നോട് പറ‍ഞ്ഞാൽ അത് ബുദ്ധിമുട്ടാണ്. ഈ നാല് കഥാപാത്രങ്ങളും അതിലെ സീനുകളും എനിക്ക് പ്രധാനപ്പെട്ടതാണ്. മമ്മൂക്കയുടെ പെർഫോമൻസ് കണ്ടിട്ട് സെറ്റിൽ ആളുകൾ കയ്യടിച്ചതായി ഞാൻ ഓർക്കുന്നത് ഹിറ്റ്ലർ സിനിമയുടെ സെറ്റിൽ വച്ചാണ്. ഞാൻ അസിസ്റ്റന്റായിട്ട് വർക്ക് ചെയ്യുന്ന കാലത്താണ് സിദ്ദീഖ് അണ്ണന്റെ ഹിറ്റ്ലർ എന്ന പടത്തിന്റെ ഷൂട്ടിം​ഗ് നടക്കുന്നത്. അതിൽ ഒരു സീനുണ്ട്. മമ്മൂക്കയുടെ സഹോദരിമാർ തൊട്ടടുത്ത് താമസിക്കുന്ന മുകേഷേട്ടന്റെയും വാണി വിശ്വനാഥിന്റെയും വീട്ടിലേക്ക് പോകും, അവരെ തിരിച്ച് വിളിക്കാൻ വേണ്ടി പോകുമ്പോൾ മുകേഷേട്ടനുമായി ഒരു വഴക്കും ബഹളവും ഒക്കെയുണ്ടാവുന്നുണ്ട്. അതിലെ മമ്മൂക്കയുടെ പെർഫോമൻസ് പ്രത്യേകിച്ചും ലാസ്റ്റ് ഷോട്ടിൽ മമ്മൂക്ക മുകേഷേട്ടനെ ഭീഷണിപ്പെടുത്തുന്ന ഷോട്ട് ഉണ്ട്. അത് റിഹേഴ്സൽ ഒന്നുമില്ലാതെ നേരെ ടേക്കിലേക്ക് പോയതാണ്. ആ ഷോട്ട് കഴിഞ്ഞപ്പോൾ അന്ന് അത് കണ്ട് നിന്ന സെറ്റിലുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു. തിയറ്ററിൽ വന്നപ്പോഴും ആ രം​ഗത്തിന് എല്ലാ ഷോയ്ക്കും കയ്യടികൾ ഉണ്ടായിരുന്നു.

മായാവി എന്ന ചിത്രത്തിൽ രസകരമായ ഒരു സീനുണ്ട്. ഹോസ്പിറ്റലിൽ കിടക്കുന്ന മണിക്കുട്ടനെ മമ്മൂക്ക കാണാൻ വരുന്നത്. എന്താണ് അസുഖം എന്ന് ചോദിക്കുമ്പോൾ ബ്രെയിനിനാണ് അസുഖം എന്ന് പറയും. എന്തിനാണ് പഠിക്കുന്നത് എന്ന് ചോദിക്കുമ്പോൾ എംബിഎയ്ക്ക് ആണ് എന്ന് പറയും അപ്പോൾ അദ്ദേഹം ചൂടാവും ഒന്നുകിൽ ബിഎ പഠിക്കണം അല്ലെങ്കിൽ എംഎ പഠിക്കണം രണ്ടു കൂടി എംബിഎ എന്ന് പറഞ്ഞ് കുത്തിക്കയറ്റിയിട്ടല്ലേ എന്ന് പറയുന്ന ഒരു സീനുണ്ട്, ആ സീനിന്റെ തുടർച്ചായായിട്ട് മമ്മൂക്ക കാമുകിമാരെക്കുറിച്ച് മണിക്കുട്ടനോട് പറയുന്നുണ്ട്. അത് എടുക്കുന്ന നേരത്ത് അദ്ദേഹം പറഞ്ഞു അത് വേണ്ട എന്ന്. അതൊഴിവാക്കാം, ചെയ്യാൻ താൽപര്യമില്ല എന്ന് പറഞ്ഞു. ഒരുപാട് നിർ‌ബന്ധിച്ചു. അവസാനം അപേക്ഷിച്ചിട്ടാണ് അദ്ദേഹം അത് വന്ന് ചെയ്തത്. എന്നാൽ ആ സീനിന് തിയറ്ററിൽ നല്ല ചിരി കിട്ടി.

Related Stories

No stories found.
logo
The Cue
www.thecue.in