തെലുങ്ക് സിനിമകൾ തിയറ്ററിൽ വന്ന് 8 ആഴ്ചകൾക്ക് ശേഷമേ ഓ ടി ടി യിൽ പ്രദര്ശിപ്പിക്കുകയുള്ളു എന്ന തീരുമാനവുമായി തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സും ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗിൽഡും. ഓ ടി ടി പ്രദർശനങ്ങൾ, നിർമാണ ചെലവ് ചുരുക്കൽ, മറ്റു അസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനായി ഷൂട്ടിങ്ങുകൾ നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് മീറ്റിംഗുകൾക്ക് അന്ത്യമിട്ട് തീരുമാന പ്രഖ്യാപനം.
പുതിയ തീരുമാനപ്രകാരം 8 ആഴ്ചകൾ തിയറ്ററിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ സിനിമകൾ ഓ ടി ടി പ്ലാറ്റുഫോമുകളിൽ സിനിമകൾ പ്രദർശിപ്പിക്കുകയുള്ളു. നിലവിൽ കരാറിൽ ഏർപ്പെട്ടിരിക്കുന്ന സിനിമകൾക്ക് അത് പ്രകാരം തന്നെ സിനിമപ്രദർശിപ്പിക്കാനാവും. എന്നാൽ ഇനി വരാനിരിക്കുന്ന സിനിമകൾക്ക് റിലീസ് ചെയ്ത് 50 ദിവസമെങ്കിലും കഴിഞ്ഞതിനു ശേഷമേ ഓ ടി ടിയിൽ പ്രദർശിപ്പിക്കാനാവുകയുള്ളു. ഇത് കൂടാതെ തിയറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിലകുറക്കാനും, മൂവി മെമ്പേഴ്സ് അസോസിയേഷൻ (എം എ എ) അംഗങ്ങളുടെ ചെലവുചുരുക്കാനും നിർദ്ദേശമായിട്ടുണ്ട്. സിനിമപ്രവർത്തകരുടെ വേതനത്തിൽ തീരുമാനമെടുക്കുകയും ചെയ്തതോടെ നിലവിൽ നിർത്തിവച്ചിരിക്കുന്ന ഷൂട്ടിങ്ങുകൾ തുടരാനും തീരുമാനമായിട്ടുണ്ട്.
മുൻപ് ബോളിവുഡ് സിനിമകളും സമാനസാഹചര്യത്തിൽ വിൻഡോ ടൈം ദീർഘിപ്പിച്ചിരുന്നു. തെലുങ്ക് സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കണക്കിലെടുത്താണ് സംഘടനകൾ തീരുമാനങ്ങളിൽ എത്തിയത്. നടപ്പിൽ വരുന്നതിനായുള്ള ചർച്ചകൾ വേണ്ടപ്പെട്ട മറ്റു സംഘടനകളായും മൾട്ടിപ്ലക്സുകളുമായും നടത്തിവരുന്നുണ്ടെന്ന് നിർമാതാവും ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗിൽഡ് പ്രസിഡന്റുമായ ദിൽ രാജു അറിയിച്ചു.