ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയെ പിടിച്ചു കുലുക്കുന്ന തരത്തിലുള്ള ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. താരങ്ങളുടെ സംഘടനയായ അമ്മയിൽ കൂട്ട രാജിയും മലയാള ചലച്ചിത്ര മേഖലയിലെ അണിയറ പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ ഇതിനെ ചൊല്ലി പൊട്ടിത്തെറിയും സംഭവിച്ചിരുന്നു. ആരോപണ വിധേയർ സംഘടനയിൽ നിന്ന് രാജി വെയ്ക്കുകയും അധികാര സ്ഥാനത്ത് നിന്നും ആരോപണ വിധേയരെ നീക്കണമെന്ന ആവശ്യവും ഉയർന്നു വരുമ്പോൾ നിർമാതാക്കളുടെ സംഘടനയിലും ഹേമ കമ്മറ്റിയെ ചൊല്ലി ഭിന്നതയുണ്ടെന്ന് സൂചന. ഹേമ കമ്മറ്റി വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയേ വേണ്ട എന്നാണ് വലിയൊരു വിഭാഗത്തിന്റെ തീരുമാനം. എന്നാൽ കൃത്യമായ നിലപാട് വേണം എന്ന് ആവശ്യം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഒരു പ്രസ്സ് റിലീസ് അല്ലാതെ മറ്റൊരു തരത്തിലുമുള്ള പ്രതികരണം നടത്താൻ നിർമാതാക്കളുടെ സംഘടന ഇതുവരെ തയ്യാറായിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരസ്യനിലപാടുമായി മാധ്യമങ്ങളെ കണ്ടാൽ ലൈംഗിക ആരോപണ കേസ് നേരിടുന്ന സംവിധായകരെയും താരങ്ങളെയും തള്ളിപ്പറയേണ്ടി വരുമെന്ന ആശങ്കയിലാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി. മഴവിൽ മനോരമയുമായി ചേർന്ന് അമ്മ സംഘടിപ്പിച്ച താരനിശയിൽ നിന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് താരസംഘടന ലാഭവിഹിതം നൽകിയിരുന്നു. ഈ ഘട്ടത്തിൽ അമ്മയെ പ്രതിരോധത്തിലാക്കുന്ന നിലപാട് വേണ്ടെന്നാണ് സംഘടനയുടെ നേതൃതലത്തിലെ പ്രധാന നേതാക്കളുടെ നിലപാട്. മാധ്യമങ്ങളെ കണ്ട് നിർമ്മാതാക്കളുടെ നിലപാട് വിശദമാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ നാലോളം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ശനിയാഴ്ച ചർച്ചയുണ്ടാകും. താരസംഘടന തലപ്പത്തുള്ള നടൻ സിദ്ദീഖ്, സംവിധായകനായ രഞ്ജിത്ത്, എം.എൽഎയും നടനുമായ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരാെയാണ് ലൈംഗികാരോപണവും കേസും വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ തുടർന്നുള്ള സിനിമകളിൽ ഇവരുമായി സഹകരിക്കുമോ എന്ന കാര്യം മാധ്യമങ്ങളിൽ നിന്ന് ചോദ്യമായി ഉയരാമെന്ന് സംഘടന ആശങ്കപ്പെടുന്നുണ്ട്. ഇന്നത്തെ എക്സിക്യുട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ പ്രസ് റിലീസ് മതിയെന്ന നിലപാടും നേതൃത്വത്തിനുണ്ട്.
സിനിമ എന്ന തൊഴിലിടത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളും ആരോപണങ്ങളും വ്യവസായത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിർമാതാക്കളെയാണെന്നിരിക്കേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടുകൾ എന്തുകൊണ്ട് വൈകുന്നു എന്നത് ചോദ്യമാണ്. ഹേമ കമ്മറ്റി റിപ്പോർട്ടും അതിനെ തുടർന്ന് പുറത്തു വന്ന ആരോപണങ്ങളും സിനിമ മേഖലയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു എന്നും അതിന്റെ പ്രത്യാഘാതം ഏറെയും ഏറ്റുവാങ്ങേണ്ടി വരുന്നത് നിർമാതാക്കൾക്കാണ് എന്നും നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗവുമായ എം.എം ഹംസ ക്യൂ സ്റ്റുഡിയോയോട് പ്രതികരിച്ചു. കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അതിൽ നിർമാതാക്കളുടെ സംഘടന സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചർച്ച ചെയ്യാൻ അസോസിയേഷൻ ശനിയാഴ്ച എക്സ്ക്യൂട്ടിവ് കമ്മറ്റി യോഗം ചേരും.
അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത് പോലെ എല്ലാ സിനിമ സെറ്റുകളിലും ഐസിസി രൂപീകരിച്ചാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത് എന്ന് നിർമാതാക്കൾ പ്രസ്സ് റിലീസിൽ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം ഐസിസികളിൽ നിർമാതാക്കൾ തന്നെയാണ് പ്രതി സ്ഥാനത്ത് വരുന്നത് എങ്കിൽ എപ്രകാരം അതിജീവിതർക്ക് നീതി ലഭിക്കും എന്ന ചോദ്യം ഉയർന്ന് നിൽക്കുന്നുണ്ട്. ഹേമ കമ്മറ്റി ആവശ്യപ്പെട്ടതിൽ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നം ജൂനിയർ ആർട്ടിസ്റ്റുകളുടേതാണ് എന്നും പരിഹാരം കാണാൻ സാധിക്കാത്ത വിഷയങ്ങളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം എന്നുമാണ് പുറത്തു വിട്ട പ്രസ്സ് റിലീസിൽ നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.