ജെയ്ഡയെ കുറിച്ചുള്ള തമാശ താങ്ങാനായില്ല, എനിക്ക് തെറ്റു പറ്റി; ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

ജെയ്ഡയെ കുറിച്ചുള്ള തമാശ താങ്ങാനായില്ല, എനിക്ക് തെറ്റു പറ്റി; ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്
Published on

2022 ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്ത് അടിച്ചതില്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ വില്‍ സ്മിത്ത്. അക്കാദമി അവാര്‍ഡ് വേദിയിലെ തന്റെ പെരുമാറ്റം ക്ഷമ അര്‍ഹിക്കുന്നതല്ല. തന്നെ കുറിച്ചുള്ള തമാശകള്‍ ജോലിയുടെ ഭാഗമാണ്. എന്നാല്‍ ജെയ്ഡയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള തമാശ തനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. അതിനാലാണ് വൈകാരികമായി പ്രതികരിച്ചതെന്ന് വില്‍ സ്മിത്ത് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം വില്‍ സ്മിത്തിന് ലഭിച്ചതിന് പിന്നാലെ താരം സംഭവത്തില്‍ അക്കാദമിയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ അവിടെ വെച്ച് വില്‍ സ്മിത്ത് ക്രിസിനോട് മാപ്പ് പറഞ്ഞിരുന്നില്ല.

വില്‍ സ്മിത്തിന്റെ വാക്കുകള്‍:

അക്രമം അത് ഏതു രൂപത്തിലായാലും വിഷവും വിനാശകരവുമാണ്. അക്കാദമി അവാര്‍ഡ് വിതരണം നടന്ന കഴിഞ്ഞ രാത്രിയിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമ അര്‍ഹിക്കാത്തതുമാണ്. എന്നെപ്പറ്റിയുള്ള തമാശകള്‍ ജോലിയുടെ ഭാഗമാണ്, പക്ഷെ ജെയ്ഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വൈകാരികമായി പ്രതികരിച്ചത്.

ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പെരുമാറ്റം ശരിയായിരുന്നില്ല. എനിക്ക് തെറ്റുപറ്റി. അതില്‍ ഞാന്‍ ലജ്ജിക്കുന്നു. എന്നെപ്പോലെയൊരാളില്‍ നിന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റമല്ലായിരുന്നു അത്. സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല.

അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും ഷോയില്‍ പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വില്യംസ് കുടുംബത്തോടും എന്റെ പ്രിയപ്പെട്ട കിങ് റിച്ചഡ് കുടുംബത്തോടും മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിമനോഹരമായ പോകേണ്ടിയിരുന്ന ഒരു യാത്ര എന്റെ പ്രവൃത്തിയാല്‍ മലീമസമായതില്‍ ഖേദിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്നലെ ഓസ്‌കാര്‍ ചടങ്ങില്‍ വെച്ച് വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വലിയ വാര്‍ത്തയായിരുന്നു. അലോപ്പീസിയ ഏരിയറ്റ എന്ന ആരോഗ്യ സ്ഥിതി മൂലം വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്തിന് മുടി കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണ്. തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് നിരവധി തവണ ജെയ്ഡ സംസാരിച്ചിട്ടുമുണ്ട്. അവതാരകന്‍ ക്രിസ് കളിയാക്കിയത് ജെയ്ഡയുടെ മുടി കൊഴിച്ചിലിനെ ആയിരുന്നു. ഇതേ തുടര്‍ന്നാണ് വില്‍ സ്മിത്ത് നിയന്ത്രണം വിട്ട് ക്രിസിന്റെ മുഖത്ത് അടിച്ചത്.

സംഭവത്തിന്റെ വീഡിയോ ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേര്‍ വില്‍ സ്മിത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in