'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച എന്തിന്? വയനാടിനെക്കുറിച്ച് സംസാരിക്കൂ'; ശാരദ

'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച എന്തിന്? വയനാടിനെക്കുറിച്ച് സംസാരിക്കൂ'; ശാരദ
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാക്കുന്നത് എന്തിനെന്ന് നടിയും ​ഹേമ കമ്മറ്റി അം​ഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് വയനാട്ടിലെ ദുരന്തത്തെ കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും ചർച്ച ചെയ്യൂ എന്ന് ശാരദ പറഞ്ഞു. അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓർമ്മയില്ലെന്നും അഞ്ച് വർഷം മുമ്പുള്ള കാര്യം 79 വയസ്സ് പിന്നിട്ട താൻ എങ്ങനെ ഓർത്തെടുക്കാനാണെന്നും ശാ​രദ ചോദിച്ചു. റിപ്പോർട്ടിനെക്കുറിച്ച് ജസ്റ്റിസ് ഹേമ തന്നെ സംസാരിക്കട്ടെ എന്നും ശാദര പറഞ്ഞു.

അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ മുമ്പും സിനിമ മേഖലയിലുണ്ടായിരുന്ന കാര്യങ്ങളാണ് എന്നും എന്നാൽ ആൺ പെൺ ഭേദമന്യേ അത് തുറന്ന് പറയാൻ എല്ലാവർക്കും പേടിയായിരുന്നു എന്നതിനാലാണ് പലതും പുറത്തേക്ക് വരാതിരുന്നത് എന്നും ശാരദ പറയുന്നു.

Summary

ശാരദ പറഞ്ഞത്:

ഇത്തരം സംഭവങ്ങൾ എന്നും ഉള്ളതാണ്. പക്ഷേ അന്നൊന്നും ആരും ഇത് തുറന്ന് പറയാൻ തയ്യാറായിരുന്നില്ല, ഇതിനെക്കുറിച്ചൊക്കെ തുറന്ന് പറയാൻ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു നാണം ഒരു പേടി ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് ഒരു ന്യൂസും ഇതിനെക്കുറിച്ച് പുറത്തേക്ക് വരാതിരുന്നത്, ഇന്നത്തെ വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് അത് തുറന്ന് പറയാനുള്ള ധെെര്യം ഉണ്ടായി.

2018 മെയിൽ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. കമ്മിറ്റി നിലവിൽ വന്ന് ഒന്നര വര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവും വിശദമായി തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in