രണ്ട് പേർക്ക് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിടുന്നത് എന്ത് കൊണ്ട്? ; ഉര്‍വശിയെയും ബീന ആര്‍. ചന്ദ്രനെയും കുറിച്ച് ജൂറി

രണ്ട് പേർക്ക് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിടുന്നത് എന്ത് കൊണ്ട്? ; ഉര്‍വശിയെയും ബീന ആര്‍. ചന്ദ്രനെയും കുറിച്ച് ജൂറി
Published on

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഇത്തവണ രണ്ടു പേര്‍ക്കാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ഉര്‍വശിയും തടവ് എന്ന ചിത്രത്തിലൂടെ ബീന ആര്‍. ചന്ദ്രനും അവാര്‍ഡ് പങ്കിട്ടു. തുലനം ചെയ്യാന്‍ പറ്റാത്ത മനുഷ്യാവസ്ഥകളുടെ രണ്ട് വശങ്ങളെ അവിസ്മരണീയമാക്കിയ അഭിനയമാണ് ഉര്‍വശിയും ബീന ആര്‍. ചന്ദ്രനും കാഴ്ച വച്ചത് എന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി വിലയിരുത്തി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ ലീലാമ്മ എന്ന കഥാപാത്രമായാണ് ഉര്‍വശി എത്തിയത്. ലീലാമ്മയുടെ സംഘര്‍ഷഭരിതമായ ഭാവാവിഷ്‌കാരമാണ് ഉര്‍വശിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത തടവ് എന്ന ചിത്രത്തിലൂടെ സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ അനായാസമായി അവതരിപ്പിച്ച് ഫലിപ്പിച്ചതാണ് ബീന ആര്‍ ചന്ദ്രനെ മികച്ച നടിയായി തെരഞ്ഞെടുക്കാന്‍ കാരണം.

ഉര്‍വശിയെക്കുറിച്ചും ബീന ആര്‍ ചന്ദ്രനെക്കുറിച്ചുമുള്ള പുരസ്‌കാര സമിതിയുടെ വിലയിരുത്തല്‍

തുലനം ചെയ്യാന്‍ പറ്റാത്ത മനുഷ്യാവസ്ഥകളുടെ രണ്ട് വശങ്ങളെ അവിസ്മരണീയമാക്കിയതിന് ഈ അവാര്‍ഡ് രണ്ടുപേര്‍ക്കായി പങ്കിടുന്നുവെന്ന് ജൂറി വ്യക്തമാക്കി

മകന്റെ മരണത്തെ തുടര്‍ന്ന് പുത്രവധുവുമായി ഇണങ്ങിയും പിണങ്ങിയും ആത്മബന്ധം സ്ഥാപിക്കുന്ന കഥാപാത്രത്തിന്റെ സംഘര്‍ഷഭരിതമായ ഭാവാവിഷ്‌കാരത്തിനാണ് ഉര്‍വശി അവാര്‍ഡിന് അര്‍ഹയായത്.

തടവ് എന്ന ചിത്രത്തിലൂടെ ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോവുന്ന സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ അനായാസമായി അവതരിപ്പിച്ച് ഫലിപ്പിച്ചതാണ് ബീന ആര്‍ ചന്ദ്രനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

160 ചിത്രങ്ങളായിരുന്നു 2023 ലെ പുരസ്‌കാര നിര്‍ണ്ണയത്തിനായി സമര്‍പ്പിക്കപ്പെട്ടത്. സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടതും ഈ വര്‍ഷമാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കാണുകയും അതില്‍ 35 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും പുരസ്‌കാരങ്ങളൊന്നും നല്‍കിയില്ല. ഇവയില്‍ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാല്‍ ഫീച്ചര്‍ ഫിലിമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ളവയായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.

പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങള്‍ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമ ജൂറി അവാര്‍ഡ് നിര്‍ണയത്തിനായി വിലയിരുത്തിയത്. അന്തിമ പട്ടികയിലെ 38 ചിത്രങ്ങളില്‍ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in