എന്തുകൊണ്ട് പൃഥ്വിരാജ് മികച്ച നടന്‍? പുരസ്‌കാര ജൂറിയുടെ വിലയിരുത്തല്‍

എന്തുകൊണ്ട് പൃഥ്വിരാജ് മികച്ച നടന്‍? പുരസ്‌കാര ജൂറിയുടെ വിലയിരുത്തല്‍
Published on

54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഒമ്പത് പുരസ്‌കാരങ്ങളാണ് ആടുജീവിതം കരസ്ഥമാക്കിയിരിക്കുന്നത്. ബെന്യാമിന്റെ ബെസ്റ്റ് സെല്ലിങ് നോവലായ ആടുജീവിതം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ത്യാഗവും സമര്‍പ്പണവും സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ആടുജീവിതത്തിന് വേണ്ടി 72 മണിക്കൂറോളം തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതെയിരിക്കുകയും വെള്ളമോ കാപ്പിയോ മാത്രം കുടിച്ച് നജീബ് എന്ന കഥാപാത്രമായി മാറാന്‍ കാണിച്ച അര്‍പ്പണ ബോധമാണ് ഈ പുരസ്‌കാരത്തോടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 31 കിലോയോളം ഭാരമാണ് ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്. പുരസ്‌കാര നിര്‍ണ്ണയത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങളോട് മത്സരിച്ചാണ് പൃഥ്വിരാജ് മുന്നിലെത്തിയത്.

എന്തുകൊണ്ട് പൃഥ്വിരാജ്?

ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തന്മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് പൃഥ്വിരാജിനെ ജൂറി ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത്. അവസാന വട്ട മത്സരത്തില്‍ നടന്‍ മമ്മൂട്ടിയോട് മത്സരിച്ചാണ് പൃഥ്വിരാജ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

എന്തുകൊണ്ട് ബ്ലെസി?

പ്രവാസ ജീവിതത്തിന്റെ അറിയപ്പെടാത്ത പുറങ്ങളെ സാങ്കേതിക മികവോടെയും സൗന്ദര്യപരമായ കൃത്യതയോടെയും ആവിഷ്‌കരിച്ച ആടുജീവിതത്തിന്റെ സംവിധാന മികവിന് ബ്ലെസ്സിക്ക് പുരസ്‌കാരം നല്‍കുന്നുവെന്നാണ് ജൂറി വ്യക്തമാക്കിയത്.

160 ചിത്രങ്ങളായിരുന്നു 2023 ലെ പുരസ്‌കാര നിര്‍ണ്ണയത്തിനായി സമര്‍പ്പിക്കപ്പെട്ടത്. സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടതും ഈ വര്‍ഷമാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കാണുകയും അതില്‍ 35 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും പുരസ്‌കാരങ്ങളൊന്നും നല്‍കിയില്ല. ഇവയില്‍ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാല്‍ ഫീച്ചര്‍ ഫിലിമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ളവയായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.

പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങള്‍ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമ ജൂറി അവാര്‍ഡ് നിര്‍ണയത്തിനായി വിലയിരുത്തിയത്. അന്തിമ പട്ടികയിലെ 38 ചിത്രങ്ങളില്‍ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in