ലിജോ ആമേന്‍ ചെയ്യുമ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല, പക്ഷേ സക്കരിയ ഹലാല്‍ ലവ് സ്‌റ്റോറി ചെയ്യുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു : അഷ്‌റഫ് ഹംസ

ലിജോ ആമേന്‍ ചെയ്യുമ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല, പക്ഷേ സക്കരിയ ഹലാല്‍ ലവ് സ്‌റ്റോറി ചെയ്യുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു : അഷ്‌റഫ് ഹംസ
Published on

സുലൈഖ മന്‍സിലിന് ശേഷം അടുത്ത സിനിമ ചെയ്യുമ്പോള്‍ ഒരു മുസ്ലിം പേരുള്ള സിനിമ ചെയ്യണോ, നായകന്‍ മുസ്ലിമാകണോ എന്ന് ആലോചിക്കേണ്ടി വരുന്ന ഒരു ഗതികേട് ഉണ്ടെന്ന് സംവിധായകന്‍ അഷ്‌റഫ് ഹംസ. മുസ്ലിം സിനിമ ചെയ്യുമ്പോള്‍ പ്രതിരോധമാണോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അങ്ങനെ ആകുന്ന അവസ്ഥയായി. മലബാര്‍ സിനിമ എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ സങ്കടം വരും. ലിജോ ജോസ് പെല്ലിശേരി ആമേനെടുക്കുമ്പോള്‍ ഉണ്ടാകാത്ത ബുദ്ധിമുട്ട് സക്കരിയ ഹലാല്‍ ലവ് സ്‌റ്റോറി എടുക്കുമ്പോള്‍ വരുന്നുവെന്ന് അഷ്‌റഫ് ഹംസ 'ദ ക്യു സ്റ്റുഡിയോ' സിഗ്നേച്ചറില്‍ പറഞ്ഞു.

അഷ്‌റഫ് ഹംസ പറഞ്ഞത്

പത്ത് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ ഇറങ്ങിയ പൂര്‍ണമായും മുസ്ലിം- മലപ്പുറം സിനിമ എന്നൊക്കെ പറയാവുന്നത് സുഡാനി ഫ്രം നൈജീരിയ, കെഎല്‍10, ഹലാല്‍ ലവ് സ്റ്റോറിയൊക്കെയായിരിക്കും. പത്ത് വര്‍ഷത്തില്‍ മൂന്ന് സിനിമകള്‍ വന്നതിനെ ഇത്രമാത്രം ചര്‍ച്ച ചെയ്യുകയും നാലാമതൊരു സിനിമ വരുമ്പോള്‍ മലബാര്‍ സിനിമ, കോക്കസ് എന്നൊക്കെ പറയുന്നു. ഈ മൂന്ന് സിനിമയുമായും നേരിട്ട് ബന്ധമില്ല, പക്ഷേ സുഹൃത്തുക്കള്‍ ചെയ്ത സിനിമയാണ്. അവ മൂന്നിലും ഏതെങ്കിലും ഒരു വാക്കോ, സീനോ ഒരു കമ്മ്യൂണിറ്റിയെയോ വ്യക്തിയെയോ വേദനപ്പിച്ചതായോ എന്റെ ധാരണയിലില്ല. അങ്ങനെ ഇരിക്കെ കേരളത്തില്‍ ഈ മൂന്ന് സിനിമകളും പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സുഡാനിയെ പൊതുവാക്കി മാറ്റിനിര്‍ത്തിയാല്‍ ഹലാലിനെയും കെഎല്‍10നെയും പലപ്പോഴും ക്രൂശിക്കാറുണ്ട്. അതൊക്കെ എന്തിനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് അണിയറപ്രവര്‍ത്തകരുടെ രാഷ്ട്രീയം കൊണ്ടാണോ, അങ്ങനെ ആണെങ്കില്‍ അത് എങ്ങനെയാണ് ഇവരെ വേദനിപ്പിച്ചിട്ടുള്ളത്, അങ്ങനെ കുറെ സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെ മുസ്ലിം സിനിമ ചെയ്യുമ്പോള്‍ പ്രതിരോധമാണോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അങ്ങനെ ആകുന്ന അവസ്ഥയായി. സുലൈഖ മന്‍സിലിന് ശേഷം അടുത്ത സിനിമ ചെയ്യുമ്പോള്‍ ഒരു മുസ്ലിം പേരുള്ള സിനിമ ചെയ്യണോ, നായകന്‍ മുസ്ലിമാകണോ എന്ന് ആലോചിക്കേണ്ടി വരുന്ന ഒരു ഗതികേട് ഒരു ഫിലിം മേക്കര്‍ക്ക് വരുന്നു. ഇതുപോലെ മലബാര്‍ സിനിമ എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ സങ്കടം വരും. എംടി വാസുദേവന്‍ നായര്‍ പൊന്നാനിക്ക് അടുത്ത് ഗൂഡല്ലൂറിനെക്കുറിച്ച് ഒരുപാട് കഥകളെഴുതി. പക്ഷേ എംടി വാസുദേവന്‍ നായരെ നായരായിട്ടോ ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് മാത്രം എഴുതുന്ന തരത്തിലോ കണ്ടിട്ടില്ല. ഇവിടെ എല്ലാ മതത്തിലും തരത്തിലുമുള്ള സിനിമകളുണ്ടാകുന്നു. ലിജോ ജോസ് പെല്ലിശേരി ആമേന്‍ എടുക്കുമ്പോള്‍ ലിജോയ്ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല, പക്ഷേ സക്കരിയ ഹലാല്‍ ലവ് സ്‌റ്റോറി എടുത്താല്‍ അത് ചര്‍ച്ചയാകുന്നു. അത് ആരുടെ ആവശ്യമാണ് എന്ന് മനസിലാകുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in