മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ആര്യന് ജാമ്യം ലഭിച്ച ദിവസം ജയില്‍ പരിസരത്ത് തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകരായിരുന്നു. എന്നാല്‍ ആഘോഷത്തിന് പുറമെ കൂട്ട പോക്കറ്റടിയും അന്ന് ജയില്‍ പരിസരത്ത് നടന്നു. ജാമ്യം ലഭിച്ച വാര്‍ത്തയറിഞ്ഞ് ആരാധകര്‍ ആര്‍തര്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയപ്പോള്‍ കള്ളന്‍മാര്‍ അവസരം മുതലെടുക്കുകയായിരുന്നു.
വെള്ളി,ശനി ദിവസങ്ങളിലായി ആര്‍തര്‍ റോഡ് ജയിലിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പത്തിലേറെ പേരാണ് പൊലീസിന് പരാതി നല്‍കിയത്. ജയില്‍ മോചിതനായ ആര്യനെ കാണാന്‍ എത്തിയ പലരുടെയും പേഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. നിലവില്‍ പരാതികളിലെല്ലാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടം മുതലാക്കി പോക്കറ്റടിക്കാര്‍ ജയിലിന് മുന്നില്‍ എത്തിയതായിരിക്കുമെന്നാണ് പൊലീസ് നിഗമനം.
21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ഒക്ടോബര്‍ 28ന് ജാമ്യം ലഭിക്കുന്നത്. ബോംബെ ഹൈക്കോടതിയാണ് ആര്യനും അറസ്റ്റിലായ അറബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് മൂവര്‍ക്കും കോടതി ജാമ്യം നല്‍കിയത്.
പാസ്പാര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, രാജ്യംവിട്ട് പോകരുത്, എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി. ഓഫീസില്‍ ഹാജരാകണം, മുംബൈ വിട്ടുള്ള യാത്രയ്ക്ക് എന്‍.സി.ബി.യുടെ അനുമതി തേടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍. ആര്യന് വേണ്ടി നടിയും ഷാരൂഖിന്റെ സുഹൃത്തുമായ ജൂഹി ചൗളയാണ് ആള്‍ജാമ്യം നിന്നിരിക്കുന്നത്.