ആന്റണി വര്‍ഗ്ഗീസ് നിര്‍മാതാവിന്റെ കയ്യില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചു എന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞു സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് പറഞ്ഞു പോയതാണ്, പറഞ്ഞത് ചീപ്പായി പോയി. അതില്‍ കുറ്റബോധമുണ്ട്. അതിനെക്കുറിച്ച് താന്‍ പറഞ്ഞ ടോണ്‍ മാറിപ്പോയെന്നും ആ കാര്യം സംസാരിക്കേണ്ടതേ ഇല്ലായിരുന്നുവെന്നും ജൂഡ് ആന്തണി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആന്റണിയുടെ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമക്ക് വേണ്ടി വാങ്ങിയ കാശില്‍ നിന്നാണെന്നു ഞാന്‍ പറഞ്ഞിരുന്നു, അത് ശരിക്കും സത്യമാണെന്ന് പോലും അറിയാത്തൊരു കാര്യമായിരുന്നു. അവന്റെ പെങ്ങളുടെ കല്യാണം ആ സമയം കഴിഞ്ഞിരുന്നു അതുകൊണ്ടാണ് അങ്ങനെ കരുതിയത്. ആന്റണിയുടെ കുടുംബത്തിന് ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട് അവരോടു ഞാന്‍ മാപ്പ് ചോദിക്കുന്നു.
ജൂഡ് ആന്തണി ജോസഫ്
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ആന്റണി വര്‍ഗ്ഗീസ് സിനിമ ചെയ്യാനായി പത്ത് ലക്ഷം വാങ്ങി ചിത്രീകരണത്തിന് തൊട്ട് മുന്‍പ് പിന്മാറിയെന്ന ആരോപണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉന്നയിച്ചത്. നിര്‍മാതാവിന്റെ കൈയ്യില്‍ നിന്ന് അഡ്വാന്‍സ് ആയി വാങ്ങിയ പണം കൊണ്ടാണ്
ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും പിന്നീട് ചിത്രം തുടങ്ങുന്നതിന് പതിനെട്ടു ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്നും ജൂഡ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ സഹോദരിയുടെ വിവാഹം ആരെയും കബളിപ്പിച്ച പണം കൊണ്ട് നടത്തിയതല്ലെന്നും ജൂഡിന്റെ ആരോപണം തന്നെയും കുടുംബത്തെയും ബാധിച്ചുവെന്നും സഹോദരിയുടെ വിവാഹം പൈസ പറ്റിച്ചാണ് നടത്തിയതെന്നത് വേദനിപ്പിച്ചുവെന്നും ആന്റണി വര്‍ഗീസ് ഇന്ന് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. ജൂഡിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആന്റണി വര്‍ഗ്ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.