റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മിറ്റി കത്തില്‍ പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞത്; വി.ഡി.സതീശന്‍

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹേമ കമ്മിറ്റി കത്തില്‍ പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞത്; വി.ഡി.സതീശന്‍
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. റിപ്പോര്‍ട്ട് പുറത്തു വിടതരുതെന്ന് ജസ്റ്റിസ് ഹേമ നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. കത്ത് പുറത്തു വന്നിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഇരകളുടെ പേര് പുറത്തു വിടരുത് എന്ന് മാത്രമാണ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദേശം. ഈ റിപ്പോര്‍ട്ടില്‍ പോക്‌സോ അനുസരിച്ച് കേസെടുക്കാമെന്ന് വരെയുണ്ട്. പോക്‌സോ വകുപ്പനുസരിച്ച് കേസെടുക്കാവുന്ന കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചിട്ട് അത് മറച്ചു വെക്കുന്നത് കുറ്റകൃത്യമാണ്. നാലര വര്‍ഷം മുന്‍പ് ഈ റിപ്പോര്‍ട്ട് ലഭിക്കുകയും അത് വായിച്ചു നോക്കുകയും ചെയ്ത മുഖ്യമന്ത്രിയും രണ്ട് സാംസ്‌കാരിക മന്ത്രിമാരും ചെയ്തത് കുറ്റകൃത്യമാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘമുണ്ടാക്കി അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടത്. പക്ഷേ, അന്വേഷിക്കാന്‍ തയ്യാറല്ല. എന്നിട്ട് മുഖ്യമന്ത്രി പറയുകയാണ് ഞങ്ങള്‍ വേട്ടക്കാര്‍ക്കെതിരായി പോരാടുമെന്ന്. നാലരക്കൊല്ലമായി ഏത് വേട്ടക്കാരനെതിരെയാണ് പോരാടിയത്? ഈ വേട്ടക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും ചേര്‍ത്തു പിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന് വേണ്ടപ്പെട്ടയാളുകള്‍ ഇതിനുള്ളിലുള്ളതുകൊണ്ടാണ് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. തൊഴിലിടത്തില്‍ നടത്തിയ ലൈംഗിക ചൂഷണം, മയക്കുമരുന്ന് ഉപയോഗം, ക്രിമിനല്‍വല്‍ക്കരണം, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍ എന്നിവയ്‌ക്കെല്ലാം തെളിവുകളുണ്ട്. എന്നിട്ടും ഒരു കാരണവശാലും ഇത് അന്വേഷിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷിക്കില്ല എന്ന് തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം. ലൈംഗിക ചൂഷണത്തിന്റെ പരാതി കൈവശമിരിക്കുമ്പോള്‍ പ്രതികളാകേണ്ടവരെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് കോണ്‍ക്ലേവ് നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്ത് നൽകിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളുണ്ട്. ഇത് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 2020 ഫെബ്രുവരി 19നാണ് കത്ത് നല്‍കിയത്. സിനിമാ മേഖലയിലെ ചില വനിതകള്‍ തങ്ങളുടെ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലാണെന്ന് ജസ്റ്റിസ് ഹേമ കത്തില്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നാലെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പിന്റെ മുഖ്യ വിവരാവകാശ ഓഫീസര്‍ക്ക് അപേക്ഷകള്‍ വന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തു. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമം അനുസരിച്ച് പുറത്തുവിടാനാവില്ലെന്ന് 2020ല്‍ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സന്‍ എം. പോള്‍ ഉത്തരവിട്ടു. ആ ഉത്തരവ് ഓവര്‍റൂള്‍ ചെയ്താണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in