മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ പിന്മാറിയത് കഴിഞ്ഞ ദിവസമാണ്. കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ മലയാള സിനിമ മികച്ച രീതിയിൽ നേട്ടം കെെവരിക്കുന്ന സമയത്ത് പി.വി.ആർ. ഏർപ്പെടുത്തിയ പ്രദർശനവിലക്ക് മലയാള സിനിമയ്ക്ക് നൽകിയത് കനത്ത പ്രഹരമായിരുന്നു. ഉപാധികളില്ലാതെയാണ് തർക്കത്തിൽ നിന്ന് പി.വി.ആർ പിന്മാറിയത് എന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. അതേസമയം പി.വി.ആർ മലയാള സിനിമ പ്രദർശിപ്പിക്കില്ല എന്ന തീരുമാനത്തിൽ മാത്രമേ കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പരിഹരം ഉണ്ടായിട്ടുള്ളൂ. കൊച്ചി ഫോറം മാളും കോഴിക്കോട് മിറാഷ് തിയറ്ററും ഉൾപ്പെട്ട പ്രശ്നത്തിന് ഇനിയും തീരുമാനമുണ്ടായിട്ടില്ല. വിപിഎഫ് ചാർജ് കുറയ്ക്കുക എന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യം. ഇതിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ജയപരാജയത്തിന്റെ പ്രശ്നമല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
എന്താണ് പി.വി.ആറുമായുള്ള തർക്കം?
കേരളത്തിലെ തിയറ്ററുകളിൽ സാധാരണയായി ഡിജിറ്റൽ പ്രിന്റ് എത്തിക്കുന്നത് ക്യൂബ് യുഎഫ്ഒ തുടങ്ങിയ കോണ്ടന്റ് പ്രൊവെെഡിംഗ് കമ്പനികളാണ്. ഈ പ്രസ്തുത കമ്പികൾ കാലങ്ങളായി ഈടാക്കി വരുന്ന ഭീമമായ വിപിഎഫ് (വെർച്ച്വല് പ്രിന്റ് ഫീ) നിരക്കിനെതിരെ കേരള പ്രൊഡ്യൂസഴ്സ് അസോസിയേഷനിലെ 6 അംഗങ്ങൾ ചേർന്ന് സമാന്തരമായി ആരംഭിച്ച കമ്പനിയാണ് PDC. കൊച്ചി ഫോറം മാളിലെ പുതിയ PVR സ്ക്രീനുകൾ ഉൾപ്പെടെ എല്ലാ സ്‌ക്രീനുകളിലും ഈ കമ്പനിയിൽ നിന്ന് മാത്രം ഡിജിറ്റൽ പ്രിന്റുകൾ എടുത്താൽ മതിയെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനമാണ് മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആറുമായുള്ള തർക്കത്തിന് പിന്നിലുള്ള കാരണം.
തർക്കം പരിഹരിക്കപ്പെട്ടോ?
യാതൊരു വിധത്തിലുമുള്ള മുന്നറിയിപ്പുകൾ നിർമാതാക്കൾക്ക് നൽകാതെയാണ് മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ മലയാള സിനിമയുടെ പ്രദർശനം തടഞ്ഞത്. ഇതിനെതിരെ ഫെഫ്കയും പ്രൊഡ്യൂസേസ് അസോസിയേഷനും അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുകയും സമരം അടക്കമുള്ള പ്രതിഷേധ നീക്കങ്ങളിലേക്ക് പോകാനും തീരുമാനിച്ചതിന് പിന്നാലെയാണ് പി.വി.ആർ തർക്കം നിലനിൽക്കുന്ന കൊച്ചി ഫോറം മാൾ, കോഴിക്കോട് മിറാഷ് തിയറ്റർ ഒഴികെ ബാക്കി തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാം എന്ന് സമ്മതിക്കുന്നത്. പ്രസ്തുത തിയറ്ററുകളിലെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
വി.പി.എഫ് മാത്രമാണോ പിവിആറുമായുള്ള തർക്കം?
എല്ലാ തിയറ്ററുകളിലും സിനിമകൾ കളിക്കുന്നത് എഗ്രിമെന്റിന്റെ പുറത്താണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ നിർമാതാക്കളുമായി എഗ്രിമെന്റ് ഒപ്പിടാൻ തയ്യാറാകുന്നില്ല എന്നതും നിലനിൽക്കുന്ന തർക്കത്തോടൊപ്പം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.
ഒരു സിനിമ നമ്മൾ തിയറ്ററിന് കൊടുക്കുന്നത് എഗ്രിമെന്റിന്റെ പുറത്താണ്. എല്ലാ തിയറ്ററുകളിലും എഗ്രിമെന്റുണ്ടാകും. പക്ഷേ പിവിആർ എഗ്രിമെന്റ് സെെൻ ചെയ്യില്ല, അവർക്ക് തോന്നുമ്പോൾ തുടങ്ങുക നിർത്തുക എന്ന തരത്തിലാണ് അവർ ചെയ്യുന്നത്. ശുദ്ധ മലയാളത്തിൽ തൻപ്രമാണിത്തം എന്ന് തന്നെ ഇതിനെ പറയാം. അതാണ് പിവിആർ ചെയ്തു കൊണ്ടിരുന്നത്.
ബി.രാകേഷ് ( പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി)
കോണ്ടന്റ് മാസ്റ്ററിംഗ് കമ്പനി ആരംഭിച്ചു കൊണ്ട് പുതിയ ഒരു ബിസിനസ്സ് തുടങ്ങുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് ബി.രാകേഷ് പറയുന്നു. വിപിഎഫ് ചാർജ് കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യവും ആവശ്യവും. സീറോ വിപിഎഫിന് വേണ്ടി കോമ്പറ്റീഷൻ കമ്മീഷനന്റെ റെക്കമന്റേഷനുണ്ട്. ക്യൂബ് യുഎഫ്ഒ തുടങ്ങിയ കമ്പനികളാണ് ഇത് ചാർജ് ചെയ്യുന്നത്. ഇതിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. ഇതൊരു ജയപരാജയത്തിന്റെ പ്രശ്നമല്ല. കാര്യങ്ങൾ കൃത്യമായി നടക്കുക എന്നതാണ് ഞങ്ങൾക്ക് വേണ്ടത്. ഇതിന് വേണ്ടി ഫിയോക്ക് , ഫെഫ്ക തുടങ്ങിയ നിരവധി സംഘടനകൾ ഞങ്ങളെ പിന്തുണച്ചു. ബി രാകേഷ് പറയുന്നു.
പി.വി.ആർ തിയേറ്ററുകളുള്ള മാളുകളിൽ ഉൾപ്പെടെ പ്രത്യക്ഷ സമരം നടത്താനായിരുന്നു ആദ്യ ഘട്ടത്തിൽ സിനിമാ സംഘടനകളുടെ നീക്കം. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിൽ പി.വി.ആറിൽ മലയാള സിനിമകൾ വീണ്ടും പ്രദർശിപ്പിച്ച് തുടങ്ങാനുള്ള തീരുമാനമുണ്ടായത്. കൊച്ചി നഗരത്തിൽ മാത്രമായി 22 സ്ക്രീനുകൾ പിവിആറിനുണ്ട്. സംസ്ഥാനത്തൊട്ടാകെ 44 സ്ക്രീനുകളോളമുള്ള പിവിആർ മലയാള സിനിമയുടെ പ്രദർശനം നിർത്തി വച്ചതോടെ മൂന്നുദിവസം കൊണ്ടുണ്ടായ നഷ്ടം ഏകദേശം പത്തുകോടിരൂപയോളമാണെന്നാണ് റിപ്പോർട്ടുകൾ.