ജയറാം, അഭിരാമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1999ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങള്‍ സന്തുഷ്ടരാണ്. ചിത്രത്തില്‍ സ്ത്രീവിരുദ്ധതയും ഗാര്‍ഹികപീഡനവുമെല്ലാം പ്രോത്സാഹിപ്പിക്കുന്നുവെന്ന ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ ആ ചിത്രത്തോട് യോജിക്കാനാവില്ലെന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി അഭിരാമി പറയുകയും ചെയ്തിരുന്നു. എന്നാല്‍ അഭിരാമിയുടെ പ്രസ്താവന നന്ദികേടാണെന്ന് സംവിധായകന്‍ രാജസേനന്‍. 'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന ചിത്രം ഇപ്പോഴാണ് ചെയ്യുന്നതെങ്കിലും ഇതുപോലെ തന്നെയായിരിക്കും ചെയ്യുക. ഒരു സിനിമയുടെ കഥ ചിന്തിക്കുന്ന സമയത്ത് അവിടെ പുരുഷ മേധാവിത്വമോ സ്ത്രീ മേധാവിത്വമോ എന്നൊന്നും ചിന്തിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കഥയെ സത്യസന്ധമായി പറയുക എന്നതാണ് വേണ്ടതെന്നും ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമ എടുക്കേണ്ടുന്ന രീതിയില്‍ തന്നെയാണ് എടുത്തിട്ടുള്ളതെന്നും രാജസേനന്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജസേനന്‍ പറഞ്ഞത്;
'അഭിരാമിയുടെ ആ വാക്കുകളില്‍ സത്യം പറഞ്ഞാല്‍ ഒരു നന്ദിയില്ലായ്മ ഉണ്ട്. കാരണം ഏതോ ഒരു സിനിമയില്‍ ഒരു കുഞ്ഞ് വേഷം ചെയ്ത ഒരു ആര്‍ട്ടിസ്റ്റിന്റെ പേപ്പറില്‍ വന്ന ഫോട്ടോ കണ്ടിട്ട് അന്വേഷിച്ച് ചെന്നതാണ് ഞാന്‍. അന്ന് ആ കഥ കേട്ടിട്ട് അഭിരാമി ചോദിച്ച ഒരു ചോദ്യമുണ്ട് ഇത് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന്. ചെയ്യിപ്പിക്കുന്നത് ഞാന്‍ അല്ലേ എന്നാണ് അന്ന് അതിന് ഞാന്‍ ഉത്തരം കൊടുത്തത്. ചെയ്യിപ്പിച്ചോളം എന്ന് ഞാന്‍ പറഞ്ഞു. ആ കുട്ടിയെ എത്രത്തോളം സൗന്ദര്യവതിയാക്കാമോ അത്രത്തോളം ആ സിനിമയിലാക്കിയിട്ടുണ്ട്. എന്നിട്ട് ഇപ്പോള്‍ പറയുന്നു ഇപ്പോഴത്തെ അഭിരാമി ആണെങ്കില്‍ ഞാനത് ചെയ്യില്ലായിരുന്നുവെന്ന്. അത് നന്ദിയില്ലായ്മയാണ്. ഒരിക്കലും അത് പറയാന്‍ പാടില്ല. ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമ ഞാന്‍ ഇന്നെടുത്താലും അങ്ങനെ തന്നെ എടുക്കും. കാരണം കഥ പറയുമ്പോള്‍ കഥ കഥയായിരിക്കണം.'
'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന സിനിമ ചിന്തിപ്പിക്കുന്ന സിനിമയും ചിരിപ്പിക്കുന്ന സിനിമയുമാണ്. ചിന്ത മാത്രമേ വിമര്‍ശിക്കുന്നവര്‍ക്ക് കിട്ടുന്നുള്ളൂ. അതിനകത്തെ ചിരി കിട്ടുന്നില്ല. സ്ത്രീയെ അങ്ങനെ ചുറ്റിക്കുന്ന വട്ടം കറക്കുന്ന ഭര്‍ത്താവിന്റെ സിനിമ ചെയ്തിട്ടുള്ള അതേ ഞാന്‍ തന്നെയാണ് സ്ത്രീയുടെ കയ്യില്‍ കിടന്ന് നട്ടം തിരിയുന്ന 'നാടന്‍ പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമ ചെയ്തത്. അപ്പോ ആര്‍ക്കും വേദനിച്ചില്ലേ? എന്നും രാജസേനന്‍ ചോദിക്കുന്നു.
സിനിമയെക്കുറിച്ച് മുന്‍പ് അഭിരാമി പറഞ്ഞത്;
അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള സിനിമകള്‍ ആയിരുന്നു ഇറങ്ങിയിരുന്നത് . അന്നത് വലിയ കാര്യമൊന്നുമായിരുന്നില്ല . കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ നായകന്‍ തല്ലണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ എങ്ങനെയെങ്കിലും സാരി ഉടുപ്പിക്കണം. ഒരു പൊതുവേദിയില്‍ വെച്ച് ഭാര്യയെ അപമാനിക്കുന്നത് ശരിയായ കാര്യമല്ല. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ കാണാറില്ല. പക്ഷെ നമ്മുടെ സമൂഹത്തില്‍ അത്തരത്തിലുള്ള ആളുകള്‍ ഇപ്പോഴും കുറവല്ല . എന്നാല്‍ ഇന്നത്തെ അഭിരാമിക്ക് ആ സിനിമയോട് യോജിക്കാനാകില്ല. ജീവിതത്തിലേക്ക് ഇത്തരം ആശയങ്ങള്‍ എടുക്കുകയും ചെയ്യരുത്.