ആടുജീവിതത്തിന് മ്യൂസികിനായി ഹാൻസ് സിമ്മറിനെ സമീപിച്ചിരുന്നുവെന്ന് പൃഥ്വിരാജ് സുകുമാരൻ

ആടുജീവിതത്തിന് മ്യൂസികിനായി ഹാൻസ് സിമ്മറിനെ സമീപിച്ചിരുന്നുവെന്ന് പൃഥ്വിരാജ് സുകുമാരൻ
Published on

ആടുജീവിതത്തിന് സം​ഗീതസംവിധാനം ചെയ്യാൻ ആര് എന്ന ചോദ്യത്തിന് എആർ റഹ്മാനും ഹാൻസ് സിമ്മറുമായിരുന്നു തങ്ങളുടെ ഓപ്ഷൻ എന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ആടുജീവിതത്തിന് മ്യൂസിക് ചെയ്യാൻ രണ്ട് ഓപ്ഷനായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും, അതിൽ ഫസ്റ്റ് ഓപ്ഷൻ എആർ റഹ്മാനായിരുന്നുവെന്നും പൃഥ്വിരാജ്. രണ്ട് പേർക്കും മെയിൽ അയച്ചിരുന്നു. ആദ്യം മറുപടി ആയച്ചത് ഹാൻസ് സിമ്മറിന്റെ ടീമായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ അപ്പോഴേക്കും റഹ്മാനിലേക്കെത്താനുള്ള വഴി ‍കിട്ടിയിരുന്നുവെന്നും ആടുജീവിതത്തിന്റെ തമിഴ്നാട്ടിലെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവേ പൃഥ്വിരാജ് പറ‍ഞ്ഞു.

പൃഥ്വിരാജ് ‌പറഞ്ഞത്:

ആടുജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഫസ്റ്റ് ഡിസ്കഷൻ ആര് മ്യൂസിക് ചെയ്യും എന്നതായിരുന്നു. സ്വപ്നത്തിന് അതിരുകളില്ല എന്നാണെല്ലോ, അതുകൊണ്ട് നിങ്ങൾക്ക് എന്ത് വേണമെങ്കിലും ആ​ഗ്രഹിക്കാലോ. ആടുജീവിതത്തിന് മ്യൂസിക് ചെയ്യാൻ രണ്ട് ഓപ്ഷനായിരുന്നു ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. അതിൽ ഫസ്റ്റ് ഓപ്ഷൻ എആർ റഹ്മാനായിരുന്നു. അടുത്തത് ഹാൻസ് സിമ്മറും. ഞങ്ങൾ രണ്ട് പേർക്കും മെയിൽ അയച്ചിരുന്നു. ഞങ്ങൾക്ക് ആദ്യം മറുപടി ആയച്ചത് ഹാൻസ് സിമ്മറിന്റെ ടീമായിരുന്നു. എനിക്ക് തോന്നുന്നു ഞങ്ങൾ തെറ്റായ ഐഡിയിലേക്കാണ് ഇമെയിൽ ചെയ്തത് എന്ന്. അദ്ദേഹത്തിന്റെ മാനേജർ ടീമിലെ ആരോ ഒരാളാണ് റിപ്ലൈ ചെയ്തത് നമുക്ക് നോക്കാം എന്ന് പറഞ്ഞു. ആ സമയത്താണ് ‍ഞങ്ങൾക്ക് ഏആർ റഹ്മാൻ സാറിലേക്കുള്ള ആക്സസ് കിട്ടുന്നത്. ആ സമയത്ത് എങ്ങനെയാണ് റഹ്മാൻ സാറിന്റെ അടുത്തേക്ക് എത്തുക എന്ന് കൂടി അറിയുമായിരുന്നില്ല. ഞങ്ങൾ കേരളത്തിലെ ആളുകൾ റഹ്മാനെക്കുറിച്ച് ചിന്തിക്കുന്നത് അദ്ദേഹം നമ്മുടെ സ്വന്തമാണ് എന്ന തരത്തിലാണ്. അദ്ദേഹത്തെ ഒരു മലയാളിയെപ്പോലെയാണ് കാണുന്നത്. പക്ഷേ അദ്ദേഹത്തെ എങ്ങനെ കിട്ടും എന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. ഒരാളെ പ്രതിഭയെന്ന് വിളിക്കുന്നത് അയാളുടെ ക്രാഫ്റ്റ് മാത്രം നോക്കിയല്ല. അവരിൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യേകതകൾ ഉണ്ടായിരിക്കണം. അങ്ങനെ നോക്കുമ്പോൾ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിഭയാണ് ഇദ്ദേഹം. അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഞങ്ങൾ വളരെ സ്പെഷ്യലായ ഒരു സിനിമ നിർമിക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹത്തിന്റെ പേര് ഞങ്ങളുടെ സിനിമയുമായി അസോസിയേറ്റ് ചെയ്യപ്പെട്ടതിന് ശേഷമാണ് കേരളത്തിൽ പോലും അയ്യോ അത്രയ്ക്ക് വലിയ സിനിമയാണോ ഇത് എന്ന ചർച്ചകൾ വന്നത്. അത് ‍ഞങ്ങളെ വലിയ തരത്തിൽ സഹായിച്ചിട്ടുണ്ട്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in