ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴി പുറത്തുവിട്ടു; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് WCC

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴി പുറത്തുവിട്ടു; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് WCC
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴി പുറത്തുവിട്ട സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് WCC. കമ്മിറ്റിക്ക് മുമ്പാകെ സിനിമയിലെ സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതോടെ നേിരുത്തരവാദപരമായ മാധ്യമവിചാരണയിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. പുറത്തു വിടരുതെന്ന് കോടതിയും സര്‍ക്കാരും തീരുമാനിച്ച അതിജീവിതരുടെ മൊഴികളാണ് ചാനലിലൂടെ പ്രചരിക്കുന്നത്. ഇത് റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു. മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകം തിരിച്ചറിയുന്ന വിധത്തിലാണ് പുറത്തു വരുന്ന വിവരങ്ങള്‍. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണമെന്നുമാണ് കത്തില്‍ WCC ആവശ്യപ്പെട്ടിട്ടുള്ളത്.

WCC യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത്. എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്ത ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in