അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച ശക്തരായ സ്ത്രീകള്‍ക്കൊപ്പം: ഡബ്ല്യു.സി.സി

അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച ശക്തരായ സ്ത്രീകള്‍ക്കൊപ്പം: ഡബ്ല്യു.സി.സി
Published on

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയെ കുറിച്ച് ഡബ്ല്യുസിസി. ചില ദിവസങ്ങളില്‍ നമ്മുടെ പോരാട്ടങ്ങള്‍ വെറുതെ ആയെന്ന് തോന്നുമ്പോള്‍ നിരാശ തോന്നും, ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. അത്തരത്തില്‍ ഒരു ദിവസമാണിതെന്നാണ് ഡബ്ല്യുസിസി കേസിലെ വിധിയെ കുറിച്ച് പറഞ്ഞത്.

അനീതിയെയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. അതിനാല്‍ അധികാരത്തിന് മുന്‍പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കും ഒപ്പമാണ് തങ്ങളെന്നും ഡബ്ല്യുസിസി കുറിച്ചു.

ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ചില ദിവസങ്ങളില്‍ നമ്മുടെ പോരാട്ടങ്ങള്‍ വെറുതെ ആയെന്ന് തോന്നുമ്പോള്‍ നിരാശ തോന്നും, ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്. അക്രമത്തെയും അനീതിയെയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീര്‍ഘവും കഠിനവുമായ പാതയിലൂടെയാണ്.

അതുകൊണ്ട് നമ്മള്‍ പരസ്പരം പറയണം. ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും, നീതിയും കൂടുതല്‍ സമാധാനപരവും മനോഹരവുമായ ഒരു ലോകത്തിനായുള്ള പോരാട്ടമാണിത്.. നമുക്ക് ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം. അവസാനത്തെ വിജയം നമ്മുടേതായിരിക്കുമെന്ന് ഉറപ്പാണ്! അധികാരത്തിനു മുമ്പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കുമൊപ്പമാണ് ഞങ്ങള്‍!

അതേസമയം, അതിജീവിതയ്ക്ക് നീതി നഷ്ടപ്പെട്ടുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങി നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. 'അവള്‍ക്കൊപ്പം എന്നും' എന്ന കുറിപ്പോടെയായിരുന്നു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ രംഗത്തെത്തിയത്.

ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in