ഡബ്ല്യു.സി.സി അംഗങ്ങള്‍ വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഡബ്ല്യുസിസി അംഗങ്ങളും വനിത കമ്മീഷന്‍ അംഗങ്ങളും തമ്മില്‍ കൂടികാഴ്ച്ച നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുന്നതിനെ കുറിച്ചും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുന്നതിനെ കുറിച്ചുമുള്ള കാര്യങ്ങളാണ് വനിത കമ്മീഷന്‍ മുമ്പാകെ ഡബ്ല്യുസിസി ചര്‍ച്ച ചെയ്യുന്നത്.
അഞ്ജലി മേനോൻ, ദീദി ദാമോദരൻ, പാർവതി തീരുവോത്ത്, പദ്മപ്രിയ, സയനോര തുടങ്ങിയവരാണ് സതി ദേവിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിക്ക് കൃത്യമായി ശിക്ഷ ലഭിക്കുന്നതിന് വനിത കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവണം. അക്കാര്യത്തില്‍ വനിത കമ്മീഷന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളുമായി സംസാരിക്കണം എന്നതാണ് ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.
അതോടൊപ്പം തന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുന്നതിലും ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ ഇടത്തില്‍ ദിലീപ് അനുകൂലികള്‍ നടത്തുന്ന ആക്രമണത്തിലും വനിത കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി തന്റെ അതിജീവനത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസി വനിത കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിക്കുന്നത്.
അതേസമയം, രണ്ട് വര്‍ഷം പിന്നിടുമ്പോഴും സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നതും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ, കെ.ബി വല്‍സലകുമാരി, അഭിനേത്രി ശാരദ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 1,06,55,000 രൂപ ചിലവഴിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നാണ് ഡബ്ല്യുസിസി അടക്കം ഉന്നയിക്കുന്ന ചോദ്യം.