'എൻ്റെ സിനിമകൾ ഹിറ്റായ ഒരു കാലഘട്ടം എനിക്കുണ്ടായിരുന്നു'; ബോളിവുഡ് ലോബിയിംഗിൻ്റെ ഇരയാണ് താൻ എന്ന് വെളിപ്പെടുത്തി വിവേക് ​​ഒബ്‌റോയ്

'എൻ്റെ സിനിമകൾ ഹിറ്റായ ഒരു കാലഘട്ടം എനിക്കുണ്ടായിരുന്നു'; ബോളിവുഡ് ലോബിയിംഗിൻ്റെ ഇരയാണ് താൻ എന്ന് വെളിപ്പെടുത്തി വിവേക് ​​ഒബ്‌റോയ്
Published on

ബോളിവുഡിലെ ലോബിയിംഗിന്‍റെ ഇരയാണ് താൻ എന്ന് തുറന്ന് പറഞ്ഞ് നടൻ വിവേക് ഒബ്റോയ്. 2000-ൽ പുറത്തിറങ്ങിയ സാതിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ജനപ്രീതി നേടിയ താരമാണ് വിവേക് ഒബ്റോയ്. കരിയറിൽ ഒരുപാട് വിജയങ്ങൾ ഉണ്ടാവുകയും അവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടും പെട്ടെന്നൊരു ദിവസം തനിക്ക് അതെല്ലാം ഇല്ലാതെയായി എന്ന് വിവേക് പറഞ്ഞു. ബോളിവുഡിലെ ഒരു കൂട്ടം ശക്തരായ ആളുകളായിരുന്നു അതിന് പിന്നിൽ. നിങ്ങൾ ഒരു സിസ്റ്റത്തിന്റെയും ലോബിയുടെയും ഇരയാകുമ്പോൾ നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഒന്നുകിൽ എല്ലാം സഹിച്ച് ഒരു വിഷാദരോ​ഗിയാവാം അല്ലെങ്കിൽ അതിനെയല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കാം. താൻ രണ്ടാമത്തെ പാത തിരഞ്ഞെടുത്ത് ബിസിനസ്സ് ആരംഭിക്കാനാണ് ശ്രമിച്ചത് എന്നും ഇന്ത്യ ന്യൂസിനോട് സംസാരിക്കവേ വിവേക് ഒബ്റോയ് പറഞ്ഞു.

എനിക്ക് ഒരുപാട് വിജയങ്ങൾ ലഭിച്ചു, എൻ്റെ കരിയറിൽ എനിക്ക് ധാരാളം അവാർഡുകൾ ലഭിച്ചു, പെട്ടെന്ന് അതെല്ലാം ഇല്ലാതെയായി, കാരണം ബോളിവുഡിൽ വളരെയധികം അധികാരമുള്ള ഒരു കൂട്ടം ആളുകൾ 'നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ പോകുന്നില്ല. അത് സംഭവിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും എന്ന് തീരുമാനമെടുത്തു. അടുത്തിടെ ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ പങ്കെടുക്കവേ വിവേക് ഒബ്റോയ് പറഞ്ഞു. ഇതേ വിഷയത്തെക്കുറിച്ച് ഇന്ത്യാ ന്യൂസിനോടും താരം പ്രതികരിച്ചു.

വിവേക് ഒബ്റോയ് പറഞ്ഞത്:

കുറച്ചു കാലമായി ബിസിനസിലാണ് എന്‍റെ ശ്രദ്ധ. എൻ്റെ സിനിമകൾ ഹിറ്റായ ഒരു കാലഘട്ടം എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു, എന്റെ പ്രകടനം അഭിനന്ദിക്കപ്പെട്ടിരുന്നു, എന്നിട്ടും മറ്റ് കാരണങ്ങളാൽ നിങ്ങൾക്ക് ഒരു റോളും ലഭിച്ചില്ല, നിങ്ങൾ ഒരു സിസ്റ്റത്തിൻ്റെയും ലോബിയുടെയും ഇരയാകുമ്പോൾ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒന്നുകിൽ നിങ്ങൾക്ക് എല്ലാം സഹിച്ച് വിഷാദത്തിലാകാം, അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം വിധി എഴുതാം. ഞാൻ രണ്ടാമത്തെ പാത തെരഞ്ഞെടുത്ത് ബിസിനസ് ആരംഭിക്കാനാണ് തീരുമാനിച്ചത്.

ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ സംസാരിക്കവേ തന്റെ പ്രയാസകാലത്ത് തനിക്കൊപ്പം നിന്ന തന്റെ അമ്മ യശോധര ഒബ്‌റോയെ താരം പ്രശംസിക്കുകയും ചെയ്തു. അമ്മയാണ് തന്റെ ഹീറോ എന്നും നിരാശയും വേദനയും ദേഷ്യവും അനുഭവിച്ചിരുന്ന ആ സമയത്ത് നിന്നും തന്നെ പുറത്ത് കൊണ്ടു വന്നത് അമ്മയായിരുന്നു എന്നും വിവേക് പറഞ്ഞു.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഇന്ത്യൻ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിലാണ് വിവേക് ഒബ്റോയ് അവസാനമായി അഭിനയിച്ചത്. മസ്തി എന്ന ചിത്രത്തിന്റെ നാലാം ഭാ​ഗമാണ് ഇനി വരിനിരിക്കുന്ന വിവേക് ഒബ്റോയ്യുടെ പ്രൊജക്ട്. വിവേക്, റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവദാസനി തുടങ്ങിവർ മസ്തി നാലാം ഭാ​ഗത്തിലൂടെ വീണ്ടും ഒന്നിച്ചെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in