അനുരാഗ് കശ്യപിനെതിരെ പരിഹാസവുമായി വിവേക് അഗ്നിഹോത്രി ; തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

അനുരാഗ് കശ്യപിനെതിരെ പരിഹാസവുമായി വിവേക് അഗ്നിഹോത്രി ; തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ
Published on

കാന്താര, പുഷ്പ പോലുള്ള സിനിമകള്‍ ഇന്‍ഡസട്രിയെ നശിപ്പിക്കുകയാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളുണ്ടായിരുന്നു. ഒറിജിനല്‍ കണ്ടെന്റുള്ള സിനിമകള്‍ സൃഷ്ടിക്കാതെ കാന്താരയെയോ പുഷ്പയെയോ അനുകരിക്കുന്ന ആളുകള്‍ പരാജയപ്പെടുമെന്ന ഗലാട്ട പ്ലസ് റൗണ്ട് ടേബിളില്‍ അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശമായിരുന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ട് പ്രചരിച്ചത്. ഈ പ്രചരണം ഏറ്റ് പിടിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും രംഗത്തെത്തി.

ഇന്നലെയാണ് സംവിധായകനായ വിവേക് അഗ്‌നിഹോത്രി അനുരാഗ് കശ്യപിന്റെ പരാമര്‍ശമെന്ന പേരിലുള്ള ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് അനുരാഗ് കശ്യപിനെ വിമര്‍ശിച്ചത്. ബോളിവുഡിലെ ഒരേയൊരു മഹാന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ല, നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്നായിരുന്നു ട്വീറ്റ്.

എന്നാല്‍ ന്യൂസ് റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും, അനുരാഗ് പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ചു.

കാന്താര, പുഷ്പ, ആര്‍ ആര്‍ ആര്‍ എന്നീ സിനിമകളോട് കശ്യപ് ആരാധന മാത്രമാണ് പ്രകടിപ്പിച്ചത്. ഒറിജിനല്‍ കണ്ടെന്റുള്ള സിനിമകള്‍ സൃഷ്ടിക്കാതെ കാന്താരയെയോ പുഷ്പയെയോ അനുകരിക്കുന്ന ആളുകള്‍ പരാജയപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്, ഇത്തരമൊരു ട്വീറ്റ് ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അനുരാഗ് കശ്യപ് പറഞ്ഞതെന്തെന്നു വായിക്കേണ്ടതായിരുന്നുവെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി,

സ്വന്തം കഥകളും അനുഭവങ്ങളും സിനിമയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു പ്രചോദനമാണ് കാന്താരയും പുഷ്പയും പോലെയുള്ള സിനിമകള്‍. എന്നാല്‍ കെ ജി എഫ് 2 പോലൊരു സിനിമയെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ദുരന്തത്തിലേക്കാണ് പോകുന്നത്. അതാണ് ബോളിവുഡിനെ നശിപ്പിച്ച ബാന്‍ഡ്വാഗണെന്നും, നിങ്ങളെ പ്രചോദിപ്പിക്കുന്ന സിനിമകള്‍ നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തണമെന്നുമായിരുന്നു അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in