ബോളിവുഡ് സിനിമയില്‍ നായകന്‍മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസത്തെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 60 വയസുള്ള നായകന്‍മാര്‍ ഇപ്പോഴും 20-30 വയസുള്ള നായികമാരെയാണ് തേടി പോകുന്നത്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുമെന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്.
'സിനിമയുടെ ഗുണനിലവാരത്തെ കുറിച്ച് മറന്നേക്കൂ. 60 കാരനായ നായകന്‍ 20-30 വയസ്സുള്ള നായികമാരെ തേടിപോകുന്നു. അവരുടെ മുഖം ചെറുപ്പമായി തോന്നാന്‍ ഫോട്ടോഷോപ്പ് ചെയ്യുന്നു. ബോളിവുഡിന് അടിസ്ഥാനപരമായി എന്തോ പ്രശ്നമുണ്ട്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുന്നു. ഇതിന് ഉത്തരവാദി ഒരേ ഒരു വ്യക്തിയാണ്', എന്നാണ് വിവേക് കുറിച്ചത്.
എന്നാല്‍ ബോളിവുഡിനെ മാത്രം നടീ-നടന്‍മാരുടെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ബോളിവുഡില്‍ മാത്രമല്ല, സൗത്ത് ഇന്ത്യന്‍ സിനിമയിലും ഇത്തരം പ്രവണതയുണ്ട്. നടന്‍ രജനികാന്തും തന്നേക്കാള്‍ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
കാശ്മിര്‍ ഫയല്‍സാണ് അവസാനമായി റിലീസ് ചെയ്ത വിവേക് അഗ്നിഹോത്രി ചിത്രം. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.