ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. രാജാക്കന്മാരും ബാദ്ഷകളും സുല്‍ത്താനും ഒക്കെ ഉള്ളടത്തോളം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കുമെന്നാണ് വിവേക് ട്വീറ്റ് ചെയ്തത്. ബിബിസിയുടെ 'ഷാരൂഖ് ഖാന്‍ എന്തുകൊണ്ട് ബോളിവുഡിലെ രാജാവായി നില്‍ക്കുന്നു' എന്ന വാര്‍ത്തയ്ക്ക് പ്രതികരണമറിയിച്ചായിരുന്നു ട്വീറ്റ്.
'ബോളിവുഡില്‍ രാജാക്കന്മാരും ബാദ്ഷാമാരും സുല്‍ത്താന്മാരും ഉള്ളിടത്തോളം കാലം അത് മുങ്ങിക്കൊണ്ടിരിക്കും. ജനങ്ങളുടെ കഥകളുള്ള ജനങ്ങളുടെ വ്യവസായമാക്കണം ബോളിവുഡിനെ, അപ്പോള്‍ അത് ആഗോള ചലച്ചിത്ര വ്യവസായത്തെ നയിക്കും', എന്നാണ് വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തത്.
ദ കശ്മീര്‍ ഫയല്‍സ് എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി. അനുപം ഖേര്‍, മിഥുന്‍ ചക്രബര്‍ത്തി, പല്ലവി ജോഷി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ബിജെപി പ്രൊപ്പഗാണ്ടയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഡല്‍ഹി ഫയല്‍സാണ് വിവേക് അഗ്‌നിഹോത്രിയുടെ അടുത്ത ചിത്രം.