'ഒട്ടേറെ പേരുടെ അന്നമാണ് സിനിമ'; സബാഷ് ചന്ദ്രബോസ് റിലീസിന് മുന്നേ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ വിഷ്ണു ഉണ്ണികൃഷ്ണന്‍

'ഒട്ടേറെ പേരുടെ അന്നമാണ് സിനിമ'; സബാഷ് ചന്ദ്രബോസ് റിലീസിന് മുന്നേ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ വിഷ്ണു ഉണ്ണികൃഷ്ണന്‍
Published on

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ സബാഷ് ചന്ദ്രബോസ് റിലീസ് ചെയ്യുന്നതിന് മുന്നേ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്ക് എതിരെ പ്രതികരിച്ച് താരം. ചിത്രത്തിന് ഇന്നലെ മുതല്‍ വിദേശ പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണമുണ്ടെന്നും തിയ്യേറ്ററില്‍ ആളെ കയറ്റാതിരിക്കാനുള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് ഇതിനെ കാണുന്നതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഇതിനെ കാണുന്നത്. കല എന്നതിലുപരി സിനിമ തിയ്യേറ്റര്‍ വ്യവസായങ്ങള്‍ അടക്കം ഒട്ടേറെ പേരുടെ അന്നമാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് തിരക്കഥാകൃത്തും സംവിധായകനുമാകുന്ന ചിത്രത്തില്‍ വിഷ്ണുവിനൊപ്പം ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സബാഷ് ചന്ദ്രബോസ് ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്... കേരളത്തില്‍ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതല്‍ വിദേശ പ്രൊഫൈലുകളില്‍ നിന്നുമുള്ള സൈബര്‍ ആക്രമണം. പാകിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകള്‍ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന്‍ പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തിയേറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങള്‍ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോള്‍ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റര്‍ വ്യവസായങ്ങള്‍ ഒട്ടേറെ പേരുടെ അന്നമാണ്.

നമുക്ക് നില്‍ക്കാം നല്ല സിനിമകള്‍ക്കൊപ്പം

Related Stories

No stories found.
logo
The Cue
www.thecue.in