വൈറസിലെ താരങ്ങളും പ്രചോദനമായ ആളുകളും
കേരളത്തെ നടുക്കിയ നിപാ വൈറസ് ബാധയും നാട് ഒന്നാകെ അതിജീവിച്ചതുമാണ് ആഷിക് അബു ചിത്രം വൈറസ്. തിയറ്ററുകളില്‍ ചിത്രം വിജയകരമായി മുന്നേറുമ്പോള്‍ ചര്‍ച്ചയാകുന്നത് സിനിമയ്ക്ക് പ്രചോദനമായ യഥാര്‍ത്ഥ വ്യക്തികള്‍ കൂടെയാണ്. ഭാവനാ സ്വാതന്ത്ര്യം ഉപയോഗിച്ച് ഫിക്ഷനല്‍ ആയ ചില കഥാപാത്രങ്ങളെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിപാ അതിജീവനം പല ശ്രേണിയിലുള്ള മനുഷ്യരിലൂടെ അവതരിപ്പിക്കാനാണ് സിനിമ ശ്രമിച്ചിരിക്കുന്നതും. പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള യഥാര്‍ത്ഥ വ്യക്തികളെ അതേ പോലെ അവതരിപ്പിക്കാനല്ല സിനിമ ശ്രമിച്ചിരിക്കുന്നതെന്ന് മനസിലാകും.
ആരോഗ്യമന്ത്രി സികെ പ്രമീള / ആരോഗ്യമന്ത്രി കെ കെ ശൈലജ
വൈറസ് ആദ്യ പോസ്റ്റര്‍ മുതല്‍ ചര്‍ച്ചയായത് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായി സാമ്യതയുള്ള ഗെറ്റപ്പില്‍ രേവതി എത്തിയതാണ്. കഥാപാത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ഡബ്‌ള്യു സി സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് ശൈലജ ടീച്ചര്‍ പറയുകയും ചെയ്തു. രേവതിയുടെ ലുക്ക് അനിയത്തിയെ പോലെയുണ്ടെന്നാണ് പിന്നീട് ശൈലജ ടീച്ചര്‍ പറഞ്ഞത്.
സിസ്റ്റര്‍ അഖില / സിസ്റ്റര്‍ ലിനി
നിപാ വേളയില്‍ രോഗികളെ പരിചരിക്കുന്നതിനിടെ രോഗബാധയുണ്ടായി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ പോരാട്ടം കേരളത്തിന് വേദനിക്കുന്ന ഓര്‍മ്മയാണ്. വൈറസ് സിനിമയില്‍ സിസ്റ്റര്‍ അഖിലയായി ലിനിയെ അനുപമമാക്കിയിരിക്കുന്നത് റിമാ കല്ലിങ്കല്‍ ആണ്.
കോഴിക്കോട് കലക്ടര്‍ പോള്‍ എബ്രഹാം / കലക്ടര്‍ യു വി ജോസ്
നിപാ ബാധയുടെ സമയത്ത് കോഴിക്കോട് കലക്ടറായിരുന്ന യു വി ജോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം.
ഡോ അന്നു / ഡോക്ടര്‍ സീതു പൊന്നു തമ്പി
നിപാ വൈറസ് ബാധ പകര്‍ന്ന വഴികളെക്കുറിച്ച് അന്വേഷണം നടത്തുന്ന കമ്യൂണിറ്റി മെഡിസിനില്‍ ഉള്ള ഡോക്ടര്‍ അന്നുവിനെയാണ് വൈറസില്‍ പാര്‍വതി അവതരിപ്പിച്ചത്. നിപാ കാലത്ത് ക്യൂണിറ്റി മെഡിസിന്‍ എംഡി വിദ്യാര്‍ത്ഥിനിയായ ഡോക്ടര്‍ സീതു പൊന്നു തമ്പിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ് ഡോ അന്നു എന്ന കഥാപാത്രം. സീതുവിന്റെ ഭര്‍ത്താവ് ബിജിന്‍ ജോസഫ് ഈ കഥാപാത്രസൃഷ്ടി മികച്ചതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പാര്‍വതിയും മികച്ച പ്രകടനമായിരുന്നു സിനിമയില്‍.
ഡോക്ടര്‍ ബാബുരാജ് / കോഴിക്കോട് കോര്‍പ്പറേഷന്‍ ഹല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍
കഥാപാത്രങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സമാനതയുണ്ടെങ്കിലും സിനിമയുടെ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് വൈറസില്‍ മുഹസിന്‍ പരാരിയും ഷറഫും സുഹാസും കഥാപാത്ര നിര്‍മ്മിതി നടത്തിയിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ നിപാ ടീമിനൊപ്പം ചേരുന്ന ഡോക്ടര്‍ ബാബുരാജ് എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിന് പ്രചോദനമായിരിക്കുന്നത് കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍ ആണ്. തിരക്കഥാകൃത്തുക്കള്‍ തനിക്കൊപ്പം ചെലവഴിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഡോ. ഗോപകുമാറും പറഞ്ഞിരുന്നു.
മന്ത്രി സിപി ഭാസ്‌കരന്‍ / മന്ത്രി ടി പി രാമകൃഷ്ണന്‍
നാട്ടുകാരനായി ജനങ്ങളുടെ ഭയാശങ്കകള്‍ പരിഹരിക്കാന്‍ അവര്‍ക്കൊപ്പം ആശുപത്രിയിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്ന മന്ത്രി സിപി ഭാസ്‌കരനെ രാജാമണിയാണ് അവതരിപ്പിച്ചത്. കോഴിക്കോട്ടുകാരനായ മന്ത്രി ടി പി രാമകൃഷ്ണനാണ് ഈ കഥാപാത്രത്തിന് ആധാരമെന്നാണ് സൂചന.
ഡോക്ടര്‍ റഹീം / ഡോക്ടര്‍ എ.എസ് അനൂപ് കുമാര്‍
നിപാ ബാധ സ്ഥിരീകരിക്കാന്‍ നേതൃത്വം നല്‍കിയ ഡോക്ടര്‍ എ എസ് അനൂപ് കുമാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റഹ്മാന്‍ അവതരിപ്പിച്ച ഡോക്ടര്‍ റഹീമിനെ സൃഷ്ടിച്ചത് എന്നാണ് സൂചന. ബേബി മേമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തലവനാണ് കോഴിക്കോട് ഉള്ളേരി സ്വദേശിയായ എ.എസ് അനൂപ് കുമാര്‍. സ്വാലിഹിന്റെ രോഗലക്ഷണങ്ങള്‍ അടുത്തിടെ വായിച്ച മെഡിക്കല്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചതിന് സമാനമായതെന്ന് ഡോക്ടര്‍ ജയകൃ്ഷണന് തോന്നിയതാണ് നിര്‍ണായകമായത്. തുടര്‍ന്ന് ഇരുവരും മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുണ്‍കുമാറുമായി ബന്ധപ്പെടുകയും സംശയം യാഥ്യാര്‍ത്ഥ്യമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇരുവര്‍ക്കുമൊപ്പം പ്രൊഫസര്‍ അരുണും നിപായെ തുരത്താനുള്ള ശ്രമത്തില്‍ സജീവമായി.
ഡോക്ടര്‍ ആബിദ് റഹ്മാന്‍ / ഡോ അര്‍ഷാദ് ഫസല്‍, ഡോക്ടര്‍ രഞ്ജിത് ടി പി
ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന ഡോക്ടര്‍ ആബിദ് റഹ്മാന്‍ രണ്ട് റസിഡന്റ് ഡോക്ടര്‍മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ച കഥാപാത്രമാണെന്നാണ് അറിയുന്നത്. മുഹസിന്‍ പരാരിയുടെ ബന്ധു കൂടിയായ ഡോ അര്‍ഷാദ് ഫസല്‍, ഡോക്ടര്‍ രഞ്ജിത് ടി പി എന്നിവരില്‍ നിന്നാണ് ആബിദ് റഹ്മാനെ സൃഷ്ടിച്ചത്.നിപാ വേളയില്‍ കാഷ്വാലിറ്റി വിഭാഗത്തിലുണ്ടായിരുന്നു ഇവര്‍ രണ്ട് പേരും.
അഖിലയുടെ ഭര്‍ത്താവ് സന്ദീപ് / ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍
സജീഷേട്ടാ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ, എന്ന് തുടങ്ങുന്ന സിസ്റ്റര്‍ ലിനിയുടെ കത്തിലൂടെയാണ് ഭര്‍ത്താവ് സജീഷിനെ കേരളം അറിയുന്നത്. പിന്നീട് ലിനിയുടെ ജീവിക്കുന്ന ഓര്‍മ്മകള്‍ക്കൊപ്പം യാത്ര ചെയ്യുന്ന സജീഷിനെ കൂടുതലായി മനസിലാക്കി. വൈറസ് ട്രെയിലര്‍ കണ്ടപ്പോള്‍ റിമയുടെ കഥാപാത്രം ലിനി തന്നെയെന്ന് തോന്നിയതായി സജീഷ് പുത്തൂര്‍ പറഞ്ഞിരുന്നു. ഷറഫുദ്ദീന്‍ ആണ് സന്ദീപ് എന്ന പേരില്‍ സ്‌ക്രീനില്‍ കഥാപാത്രമായത്.
ഡോക്ടര്‍ സ്മൃതി ഭാസ്‌കര്‍ / രാജീവ് സദാനന്ദന്‍ ഐഎഎസ് (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി) ഡോ.ആര്‍ എല്‍ സരിത (ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്)ഡോ. ജയശ്രീ (കോഴിക്കോട് ഡിഎംഒ)
നിപാ അതിജീവനത്തിന് നേതൃത്വം നല്‍കിയ ആരോഗ്യവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെ ഒരൊറ്റ കഥാപാത്രത്തിലേക്ക് സമന്വയിപ്പിച്ചതാണ് പൂര്‍ണിമാ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോക്ടര്‍ സ്മൃതി ഭാസ്‌കര്‍. മുന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോഗ്യമേഖലയില്‍ കേരളത്തില്‍ ഉണ്ടായ മുന്നേറ്റങ്ങളില്‍ നിര്‍ണായക സ്ഥാനം ഉള്ള ഉദ്യോഗസ്ഥനാണ്. നിപാ അതിജീവനകാലത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മറ്റ് ഉദ്യോഗസ്ഥരാണ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആര്‍ എല്‍ സരിതയും കോഴിക്കോട് ഡിഎംഒ ജയശ്രീയും.
അറ്റന്‍ഡര്‍ ബാബു/ കെ യു ശശിധരന്‍, ഇ പി രജീഷ് മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്നവര്‍
മാതൃഭൂമി പത്രത്തില്‍ സാജന്‍ വി നമ്പ്യാര്‍ എടുത്ത ചിത്രം പിന്നീട് നിപാ ദിനങ്ങളുടെ ഓര്‍മ്മച്ചിത്രമായി മാറിയിരുന്നു. രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും രക്തവും ശരീരസ്രവവും അടങ്ങിയ മാലിന്യം സംസ്‌കരിക്കാന്‍ പലരും മടിച്ചു നിന്നപ്പോള്‍ മുന്നോട്ട് വന്ന രണ്ട് പേര്‍. മെഡിക്കല്‍ കോളജില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ഇവരെയാണ് ജോജുവിന്റെ അറ്റന്‍ഡര്‍ ബാബു എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത്.
ഡോ.സുരേഷ് രാജന്‍/ഡോ അരുണ്‍ കുമാര്‍
നിപാ വൈറസിന്റെ ആക്രമണമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയ മണിപ്പാല്‍ സെന്റര്‍ ഓഫ് വൈറസ് റിസര്‍ച്ച് തലവന്‍ ഡോ അരുണ്‍ കുമാറിനെയാണ് സിനിമയില്‍ ഡോ സുരേഷ് രാജന്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ പ്രതിനിധീകരിച്ചത്.