‘എന്താണ് വേണ്ടതെന്ന് രാജീവേട്ടന്‍ പറയും, അത് പോലെ ക്യാമറ സെറ്റ് ചെയ്യും’; വൈറസിലെ സ്ട്രക്ചര്‍ ഷോട്ടുകളെക്കുറിച്ച് ഡിസൈനര്‍ പറയുന്നു   

‘എന്താണ് വേണ്ടതെന്ന് രാജീവേട്ടന്‍ പറയും, അത് പോലെ ക്യാമറ സെറ്റ് ചെയ്യും’; വൈറസിലെ സ്ട്രക്ചര്‍ ഷോട്ടുകളെക്കുറിച്ച് ഡിസൈനര്‍ പറയുന്നു   

Published on

ആഷിക് അബു സംവിധാനം ചെയ്ത ‘വൈറസ്’ തിയ്യേറ്ററുകളില്‍ പ്രശംസ നേടുമ്പോള്‍ പ്രേക്ഷകര്‍ ഛായാഗ്രഹണത്തിന് പ്രത്യേക കയ്യടി നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളേജിന്റെ അകവും നിപ്പ ഭീതിയും അതേ തീവ്രതയോടെ രാജീവ് രവി എന്ന ഛായാഗ്രഹകന്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു. ചിത്രത്തിലെ സ്ട്രക്ചര്‍ ഷോട്ടുകളും, സീലിങ്ങ് ഷോട്ടുകളുമെല്ലാം ശ്രദ്ധിക്കപ്പെടുമ്പോള്‍ രാജീവ് രവിക്ക് വേണ്ടി റിഗ്ഗുകള്‍ നിര്‍മിച്ചത് ചന്ദ്രകാന്ത് മാധവന്‍ എന്ന എന്‍ജിനീറിയിങ്ങ് ബിരുദധാരിയാണ്.

ഛായാഗ്രഹകര്‍ക്ക് വ്യത്യസ്തമായ ഷോട്ടുകള്‍ അനായസമായി എടുക്കുവാന്‍ സാധിക്കുന്ന എക്യുപ്‌മെന്റുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യുന്ന ചന്ദ്രകാന്ത് ഇന്ന് മലയാള സിനിയമടെ അവിഭാജ്യ ഘടകമാണ്.

വൈറസിലെ സ്ട്രക്ചര്‍ ഷോട്ടുകള്‍

വൈറസിന് വേണ്ടി സീലിങ്ങ് ക്യാമറ മൗണ്ടുകളും സ്ട്രക്ചര്‍ റിഗ്ഗുകളും ഹെവി ഡ്യൂട്ടി മോട്ടോറൈസ്ഡ് സ്‌ളൈഡറുകളുമാണ് ഉണ്ടാക്കിയത്. അതുപയോഗിച്ചെടുത്ത ഷോട്ടുകള്‍ക്ക് നല്ലതാണെന്ന് പലരും പറഞ്ഞു. കൃത്യമായി എവിടെ എന്താണ് വേണ്ടതെന്ന് രാജീവേട്ടന്‍ പറയും. അത് അനുസരിച്ച് ആ പൊസിഷനുകളില്‍ ക്യാമറ സെറ്റ് ചെയ്യുക എന്നത് മാത്രമാണ് ജോലി. അതിനായി കയ്യിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത് ക്യാമറ വെയ്ക്കും. ബാക്കി കാര്യങ്ങളിലൊന്നും ടെന്‍ഷനില്ല. ആംബുലന്‍സില്‍ നിന്നുള്ള സ്ട്രക്ചറിന് വേണ്ടി റിഗ് ഉണ്ടാക്കാനായിരുന്നു കുറച്ചു പ്രയാസപ്പെട്ടത്.

രാജീവ് രവിയ്‌ക്കൊപ്പം

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലാണ് രാജീവേട്ടനൊപ്പം ആദ്യം പ്രവര്‍ത്തിക്കുന്നത്. പിന്നീട് കമ്മട്ടിപ്പാടത്തിന് വേണ്ടിയും കുറച്ചു റിഗ്ഗുകള്‍ സെറ്റ് ചെയ്തു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യും മുതല്‍ സഹായിയായി പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. ആവശ്യം ഉള്ളവര്‍ മാത്രം സെറ്റില്‍ മതി എന്ന നിലപാടാണ് രാജീവേട്ടന്. എനിക്ക് തന്നെ റിഗ് ഉണ്ടാക്കാനും അസിസ്റ്റ് ചെയ്യാനും കഴിയുമെങ്കില്‍ അതല്ലേ നല്ലതെന്ന രീതിയില്‍. നമുക്ക് മുഴുവന്‍ പിന്തുണ നല്‍കുന്നയാളാണ് രാജീവേട്ടന്‍ അതുകൊണ്ട് ടെന്‍ഷനില്ല. രാജീവേട്ടനെ പോലെ വലിയൊരു ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് തന്നെയാണ് ഇതില്‍ നിന്നുള്ള ഭാഗ്യം.

ആദ്യ ചിത്രം

സിഇടി പഠനകാലത്ത് ഉണ്ടാക്കിയ മിനി ജിബ് വാര്‍ത്തകളില്‍ വന്നിരുന്നു. പിന്നീട് ചില ഷോര്‍ട്ട് ഫിലിമുകള്‍ക്ക് വേണ്ടി റിഗ്ഗുകള്‍ ഉണ്ടാക്കി. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത കാര്‍ത്തിക്, ഛായാഗ്രഹകന്‍ പ്രശാന്ത് കൃഷ്ണ, സുഹൃത്ത് വിഷ്ണു എന്നിവര്‍ വഴിയാണ് ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിന്റെ ക്യാമറമാനായ ഷെഹനാദ് ജലാലിനെ പരിചയപ്പെടുന്നത്. ആ ചിത്രത്തിന് വേണ്ടി ജയന്റ് വീലില്‍ റിഗ് സെറ്റ് ചെയതതാണ് ആദ്യത്തെ സിനിമയിലെ വര്‍ക്ക്. പിന്നെ ‘ഒരാള്‍പ്പൊക്കം’ എന്ന ചിത്രത്തിന് വേണ്ടി കുറച്ചധികം എക്യുപ്‌മെന്റുകള്‍ ഉണ്ടാക്കി.

 ചന്ദ്രകാന്ത്, രാജീവ് രവിക്കൊപ്പം 
ചന്ദ്രകാന്ത്, രാജീവ് രവിക്കൊപ്പം 

പ്രവര്‍ത്തന രീതി

ക്യാമറമാന്‍ പറയുന്നത് അനുസരിച്ച് എക്യുപ്‌മെന്റുകള്‍ ഉണ്ടാക്കുക എന്നതാണ് രീതി. ഏത് തരത്തിലുള്ള ഷോട്ടാണ് വേണ്ടതെന്ന് അവര്‍ പറയും. അത് ചിത്രീകരിക്കാന്‍ പറ്റുന്ന രീതിയില്‍ റിഗ്ഗുകള്‍ സെറ്റ് ചെയ്യും. ബോഡി റിഗ്ഗിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താറുള്ളത്. 360 ഡിഗ്രി ബോഡി റിഗ്, സ്‌പൈഡര്‍ ക്യാം, നാനോ ജിബ്. കാര്‍ സ്ലൈഡര്‍ തുടങ്ങിയ എക്യുപ്‌മെന്റ്‌സ് ഉണ്ടാക്കിയിട്ടുണ്ട്. ചില സാധനങ്ങള്‍ ഉണ്ടാക്കാന്‍ സമയം വേണ്ടി വരും അപ്പോള്‍ അതനുസരിച്ച് വീട്ടിലെ വര്‍ക്ക്‌ഷോപ്പില്‍ എക്യുപ്‌മെന്റ് ഡിസൈന്‍ ചെയ്യും. ‘ഓട്ടര്‍ഷ’ എന്ന ചിത്രത്തിന് വേണ്ടി ഇത്തരത്തില്‍ ഒരുമാസമെടുത്തായിരുന്നു 360 ഡിഗ്രീ റിഗ് സെറ്റ് ചെയ്തത്. സംവിധായകനും ഛായഗ്രഹകനുമായ സുജിത് വാസുദേവിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അതിന്റെ നിര്‍മാണം.

വ്യത്യസ്തമായ പരീക്ഷണങ്ങള്‍

രാം ഗോപാല്‍ വര്‍മയുടെ ‘വീരപ്പന്‍’ എന്ന ചിത്രത്തിന് വേണ്ടി 360 ഡിഗ്രി ബോഡി ക്യാം ഉണ്ടാക്കിയത് പ്രശംസിക്കപ്പെട്ടു,രാംചരണിന്റെ ‘രംഗസ്ഥല’ത്തിലും 360ഡിഗ്രീ ബോഡി റിഗ് ഉപയോഗിച്ചു. ശങ്കര്‍ ചിത്രം എന്തിരന്റെ ക്യാമറ കൈകാര്യം ചെയ്ത ആര്‍ രത്‌നവേലു ആയിരുന്നു ചിത്രത്തിന്റെ ക്യാമറമാന്‍. അദ്ദേഹം ഷോട്ട് കണ്ട് വലിയ ഇഷ്ടവുമായി. തമിഴില്‍ ‘സിഗരം തൊടു’ എന്ന ചിത്രത്തിനായി ഹെല്‍മറ്റില്‍ 360 ഡിഗ്രി റിഗ് സെറ്റ് ചെയ്തതും ശ്രദ്ധിക്കപ്പെട്ടു.

മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം ചന്ദ്രകാന്ത് ഇതുവരെ പ്രവര്‍ത്തിച്ചു കഴിഞ്ഞു,രാജീവ് രവി. സുജിത് വാസുദേവ്, മധു നീലകണ്ഠന്‍, വിനോദ് ഇല്ലംപിള്ളി തുടങ്ങിയ ഛായാഗ്രഹകര്‍ക്ക് വേണ്ടിയും റിഗ്ഗുകള്‍ സെറ്റ് ചെയ്തു. രാജീവ് രവിയുടെ ‘തുറമുഖ’മാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അതിനൊപ്പം തന്നെ ഛായാഗ്രഹണം എന്ന സ്വപ്‌നവും ചന്ദ്രകാന്ത് മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഈ വര്‍ഷം തന്നെ അതുണ്ടാവുമെന്നും ചന്ദ്രകാന്ത് കൂട്ടിച്ചേര്‍ത്തു

logo
The Cue
www.thecue.in