ഇൻസ്റ്റഗ്രാം ട്രെൻഡിനൊപ്പം ചേർന്ന് നടൻ മോഹൻലാലും. ലാലേട്ടൻ കമന്റ് ചെയ്താലേ ഞങ്ങൾ ബിസ്ക്കറ്റ് കഴിക്കു എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇൻസ്റ്റഗ്രാം റീലിനാണ് മോഹൻലാൽ കമന്റുമായി എത്തിയത്. ആരോമൽ എന്ന യുവാവിന്റെ അക്കൗണ്ട് വഴി പങ്കുവച്ച വീഡിയോയ്ക്ക് താഴെ 'ബിസ്ക്കറ്റ് കഴിക്കു മോനെ.. ഫ്രണ്ട്സിനും കൊടുക്കൂ' എന്നാണ് മോഹൻലാൽ കമന്റ് ചെയ്തിരിക്കുന്നത്. ഇഷ്ടതാരങ്ങളുടെ കമന്റു ചോദിച്ചുകൊണ്ടുള്ള റീലുകൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡ് ആയി മാറുകയാണ്. മുമ്പ് ജയസൂര്യ, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്, നസ്‌ലിൻ, തെലുങ്ക് താരം വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന,മൃണാൾ താക്കൂർ തുടങ്ങി നിരവധി താരങ്ങൾ ആരാധകരുടെ വീഡിയോകളിൽ കമന്റുമായി എത്തിയിരുന്നു.
വിജയ് ദേവരകൊണ്ട കമന്റ് ചെയ്താൽ ഞങ്ങൾ എക്സാമിന് വേണ്ടി പഠിക്കും എന്ന് കമന്റ് ചെയ്ത ആരാധികയോട് ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നാണ് വിജയ് മറുപടി നൽകിയത്. പിന്നാലെ ബേസിൽ ജോസഫ് കമന്റ് ചെയതാൽ കാനഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിവരും എന്ന് അറിയിച്ച ആരാധകന് മടങ്ങി വരൂ മകനേ എന്ന രസകരമായ മറുപടിയാണ് ബേസിൽ നൽകിയത്. ടൊവിനോ കമന്റ് ചെയ്താൽ എക്സാമിന് വേണ്ടി പഠിക്കും എന്നറിച്ച ആരാധകനോട് പോയിരുന്ന് പഠിക്ക് മോനെ എന്നാണ് ടൊവിനോ മറുപടി നൽകിയത്.
വീഡിയോകൾ വെെറലാവാൻ തുടങ്ങിയതോടെ നിരധിപ്പേരാണ് ഈ ട്രെൻഡുമായി എത്തിയത്. ഇതിന് പിന്നാലെ ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മീഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നുമാണ് നടൻ സിദ്ധാർഥ് ട്രെന്‍ഡിനെതിരെ പ്രതികരിച്ചത്. സിദ്ധാര്‍ത്ഥ് ഈ വീഡിയോയില്‍ കമന്‍റ് ഇട്ടാല ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മീഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണ് എന്നുമാണ് സിദ്ധാർത്ഥ് പറഞ്ഞത്.