ഒരു മുഖ്യമന്ത്രിയെ വേണം അഭിനയിക്കാന്‍, ഒരു കള്ളന്‍, 20 തൊഴില്‍ രഹിതര്‍

ഒരു മുഖ്യമന്ത്രിയെ വേണം അഭിനയിക്കാന്‍, ഒരു കള്ളന്‍, 20 തൊഴില്‍ രഹിതര്‍
Published on

വൈറലായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍- കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍. ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ന്നാ താന്‍ കേസ്‌കൊട്' എന്നാണ് പേരിട്ടിരിക്കുന്നത്.

ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ എന്ന തലക്കെട്ടിലാണ് ചിത്രത്തിന്റെ രസകരമായ കാസ്റ്റിങ് കോള്‍. കള്ളന്‍ 2, പൊലീസ് 8, വക്കീല്‍ 16, മജിസ്‌ട്രേറ്റ്, ബെഞ്ച് ക്ലാര്‍ക്ക് 3, ഓട്ടോ ഡ്രൈവര്‍ 5, അംഗന്‍വാടി ടീച്ചര്‍, പിഡബ്ല്യുഡി എന്‍ജിനിയര്‍ റിട്ട., ഷട്ടില്‍ കളിക്കാര്‍ 4, ബൈക്കര്‍ എന്നിങ്ങനെയാണ് കാസ്റ്റിങ് കോള്‍ പോസ്റ്ററിന്റെ ആദ്യ ഭാഗത്ത് നല്‍കിയിരിക്കുന്നത്.

ഏതെങ്കിലും കേസില്‍ കോടതി കയറിയവര്‍ 20 പേര്‍ വേണമെന്നാണ് രണ്ടാം ഭാഗത്തില്‍ ആവശ്യപ്പെടുന്നത്. യൗവ്വനം വിട്ടുകളയാത്ത വൃദ്ധ ദമ്പതികള്‍, മുഖ്യമന്ത്രി, മന്ത്രിയും ഭാര്യയും ഒരു സെറ്റ്, മന്ത്രിയുടെ പി.എ 4, വിദേശത്ത് പഠിച്ച നാട്ടിന്‍പുറത്തുകാരന്‍, തൊഴില്‍ രഹിതര്‍ 20, 13 നിരപരാധികളെയും ചിത്രത്തിലേക്ക് വേണമെന്നും പറയുന്നുണ്ട്.

കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജീവിക്കുന്ന, മേല്‍പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് സ്വയം തോന്നുന്നവരോ നാട്ടുകാര്‍ ആലോചിക്കുന്നവരോ ആയിട്ടുള്ളവര്‍ ഒരുമിനിറ്റില്‍ കവിയാത്ത വീഡിയോയും ഒരു നല്ല കളര്‍ ഫോട്ടോയും അയക്കണം എന്ന കുറിപ്പും പോസ്റ്ററില്‍ ഉണ്ട്.

വടക്കന്‍ കേരളത്തിന്റെ പഞ്ചാത്തലത്തില്‍ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് രതീഷ് ബാലകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം.

കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍.

Related Stories

No stories found.
logo
The Cue
www.thecue.in