ഗുരുവായൂരമ്പലത്തിലെ കല്യാണക്കഥ; ജയ ഹേക്ക് ശേഷം പൃഥ്വിയും ബേസിലുമൊന്നിക്കുന്ന കോമഡി എന്റര്‍ടെയ്നറുമായി വിപിന്‍ ദാസ്

ഗുരുവായൂരമ്പലത്തിലെ കല്യാണക്കഥ; ജയ ഹേക്ക് ശേഷം പൃഥ്വിയും ബേസിലുമൊന്നിക്കുന്ന കോമഡി എന്റര്‍ടെയ്നറുമായി വിപിന്‍ ദാസ്
Published on

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ദീപു പ്രദീപാണ്. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ഒരു ബിഗ് ബജറ്റ് കോമഡി ചിത്രമായിരിക്കും 'ഗുരുവായൂരമ്പല നടയി'ല്‍ എന്ന് സംവിധായകന്‍ വിപിന്‍ ദാസ് ദ ക്യുവിനോട് പറഞ്ഞു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടക്കുന്ന ഒരു കല്യാണമാണ് സിനിമയുടെ കഥ. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശമാണ് സിനിമയ്ക്കുള്ളതെന്നും വിപിന്‍ പറയുന്നു.

'ദീപു പ്രദീപ് കുഞ്ഞിരാമായണത്തിന് ശേഷം സ്വതന്ത്രമായി തിരക്കഥ എഴുതുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. ഞാന്‍ ആദ്യമായി തിരക്കഥ എഴുതാതെ സംവിധാനം ചെയ്യുന്ന സിനിമ. പിന്നെ ഞങ്ങള്‍ നാല് അഞ്ച് വര്‍ഷമായി ഈ സിനിമയുടെ ജോലികളിലായിരുന്നു. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. ഒരുപാട് താരങ്ങള്‍ ഉണ്ടാകും. ഇപ്പോഴും നമുക്ക് ആരൊക്കെ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടക്കുന്ന ഒരു കല്യാണമാണ് സിനിമയുടെ പ്ലോട്ട്', വിപിന്‍ ദാസ് വ്യക്തമാക്കി.

'ഇത് ദീപുവിന്റെ തന്നെ തോട്ടില്‍ നിന്ന് ഉണ്ടായ ഒരു കഥയാണ്. പിന്നെ ഞാന്‍ അങ്ങനെ പുറത്ത് നിന്ന് കഥ കേട്ട് സിനിമ ചെയ്യുന്ന ഒരാളല്ല. പക്ഷെ ദീപുവുമായി എനിക്ക് 'ഉണ്ണിമൂലം' എന്ന ഷോര്‍ട്ട് ഫിലിം ചെയ്ത് തുടങ്ങിയ ബന്ധമാണ്. 2013ല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങള്‍ തമ്മിലെന്നും' വിപിന്‍ പറഞ്ഞു.

'ഇതൊരു കോമഡി -എന്റര്‍ട്ടെയ്നര്‍ ആണ്. ഈ പറയുന്ന രാഷ്ട്രീയം ഒന്നും തന്നെ ഇല്ലാത്ത വളരെ രസിച്ച് കാണാന്‍ സാധിക്കുന്ന കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമയാണ്. ഒരുപാട് ചിരിക്കാന്‍ ഉണ്ടാകും ഈ സിനിമയില്‍. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് തന്നെയാണ് സിനിമയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും', വിപിന്‍ കൂട്ടിച്ചേര്‍ത്തു.

'ഇതുപോലൊരു സിനിമ ഞങ്ങള്‍ സ്വപ്നം കാണുന്ന ഒന്നാണല്ലോ. അത് സംഭവിക്കുന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്. ഞാന്‍ ഇതുവരെ ചെയ്തതെല്ലാം ചെറിയ സിനിമകളാണ്. ഇത് നാല് അഞ്ച് വര്‍ഷമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും നമുക്ക് ബജറ്റിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. കാരണം ഇത് വലിയൊരു കാന്‍വാസില്‍ ചെയ്യേണ്ട സിനിമയാണ്. ഞങ്ങള്‍ അതിന് വേണ്ടിയുള്ള ജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ സിനിമ പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ ഒരു ബ്രാന്‍ഡ് വാല്യു ഒന്നും അനുവദിച്ചില്ല. പക്ഷെ ജയ ജയ ജയ ജയ ഹേ എനിക്ക് വലിയൊരു മൈലേജാണ് തന്നത്', വിപിന്‍ ദാസ് പറഞ്ഞു.

'പിന്നെ പൃഥ്വിരാജ് കഥ കേട്ടു, ഇഷ്ടപ്പെട്ടു. ബേസില്‍ ആദ്യം തൊട്ടെ ഉണ്ടായിരുന്നു. ഇ4 എന്റര്‍ട്ടെയിന്‍മെന്റാണ് ഈ സിനിമയുടെ തുടക്കം മുതല്‍ പിന്തുണ നല്‍കിയിയതെ'ന്നും വിപിന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in