ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനും സിനിമയ്ക്കും എതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ വിപിന്‍ ദാസ്. ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നാണ് വിപിന്‍ ദാസ് ദ ക്യുവിനോട് പറഞ്ഞത്.
വിപിന്‍ ദാസ് പറഞ്ഞത് :
ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ, അല്ലെങ്കില്‍ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒന്നും ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. അത് മാത്രമല്ല, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും. അല്ലാതെ ഈ സിനിമയില്‍ മറ്റൊരു രാഷ്ട്രീയവും പറയുന്നില്ല. നഖക്ഷതങ്ങള്‍, നന്ദനം, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ സിനിമകളില്‍ കണ്ടത് പോലെ ഗുരുവായൂരിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു സിനിമയാണിത്.
'ജയ ഹേ ഞാന്‍ സ്ത്രീപക്ഷ രാഷ്ട്രീയം പറയാന്‍ വേണ്ടി തന്നെ എടുത്ത സിനിമയായിരുന്നു. അതില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. അല്ലാതെ എന്റെ രാഷ്ട്രീയം പറയാന്‍ വേണ്ടി ഞാന്‍ സിനിമ എടുക്കാറില്ല. പിന്നെ ജയ ഹേ ഞാന്‍ തിരക്കഥ എഴുതിയ ചിത്രമായിരുന്നു', എന്നും വിപിന്‍ ദാസ് പറഞ്ഞു.
'ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഉള്ള ഒരു കൊമേഷ്യല്‍ സിനിമയാണിത്. എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടും എന്ന് തന്നെയാണ് വിചാരിക്കുന്നത്. അല്ലാതെ ആര്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്യുന്നത്. അത് സിനിമ കാണുമ്പോള്‍ മനസിലാകുമെന്ന് വിശ്വസിക്കുന്നു', വിപിന്‍ കൂട്ടിച്ചേര്‍ത്തു.
'പിന്നെ സിനിമയുടെ പോസ്റ്റര്‍ വരുമ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്, അവര്‍ക്ക് നമ്മള്‍ ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം. അവര്‍ അതില്‍ പ്രതികരിക്കട്ടെ. അപ്പോള്‍ നമുക്ക് പറയാമല്ലോ അങ്ങനെയൊരു സംഭവമില്ലെന്ന്', എന്നും വിപിന്‍ അഭിപ്രായപ്പെട്ടു.
ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിന് പിന്നാലെ അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥന്‍ ആണ് പൃഥ്വിരാജിനെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്. 'മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ', എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്.