വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന 'മുകുന്ദനുണ്ണി അസോസിയേറ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായാണ് വിനീത് ചിത്രത്തിലെത്തുന്നത്. തമാശകള്‍ക്കും ത്രില്ലര്‍ രംഗങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം തോന്നിപ്പിക്കും തരത്തിലാണ് ട്രെയിലര്‍. ചിത്രത്തിന്റെ പോസ്റ്ററുകള്‍ മുന്‍പുതന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
മനോഹരം എന്ന സിനിമയ്ക്കു ശേഷം വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ചിത്രം കൂടിയാണിത്. അധികം കേസുകളില്ലാത്ത വക്കീലായ മുകുന്ദനുണ്ണി പിന്നീട് പലവഴികളിലൂടെയും കേസുകള്‍ സൃഷ്ടിച്ചെടുക്കുന്നതും, അതിനിടയില്‍ ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമ സംസാരിക്കുന്നത്.
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ബേസില്‍ ജോസഫിന്റെ ഗോഥ, തമിഴ് ചിത്രമായ കുരങ്ങ ബൊമ്മയ് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദറിന്റെ ആദ്യ സംവിധാന സംരംഭമാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സ്. സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിക്കുന്നതും അഭിനവും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ്.
കഴിഞ്ഞ ദിവസം 'ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം. 'My first cycle and my dead father' എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദന്‍ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തില്‍ അച്ഛനോടൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോകളും അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിനു മുന്‍പും സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രവും വിനീതിന്റെ മുകുന്ദന്‍ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ശ്രദ്ധനേടിയിരുന്നു.
വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രദീപ് മേനോന്‍, അനൂപ് രാജ് എം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. മനോജ് പൂംകുന്നം പ്രൊഡക്ഷന്‍ കണ്‍ട്രോളറും രാജ് കുമാര്‍ പി സൗണ്ട് ഡിസൈനറുമാണ്. ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കുന്നത് സുപ്രീം സുന്ദറും മാഫിയ ശശിയും ചേര്‍ന്നാണ്.