'എനിക്ക് അഭിമാനം തോന്നി, മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുകയാണ്'; 'മഞ്ഞുമ്മലിന്റെ' തിയറ്റർ അനുഭവം പങ്കിട്ട് വിനീത് ശ്രീനിവാസൻ

'എനിക്ക് അഭിമാനം തോന്നി, മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുകയാണ്'; 'മഞ്ഞുമ്മലിന്റെ' തിയറ്റർ അനുഭവം പങ്കിട്ട് വിനീത് ശ്രീനിവാസൻ
Published on

ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ​ഗുണ കേവ്സ് പശ്ചാത്തലമായി വരുന്ന, കമല്‍ ഹാസന്‍ ചിത്രമായ ഗുണയുടെ റെഫറന്‍സുകളുള്ള ഈ സിനിമ തമിഴ്നാട്ടിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം ഡയറക്ട് റിലീസ് ചിത്രമായി ഇതിനകം മാറിക്കഴിഞ്ഞു. ഫെബ്രുവരിയിലെ മലയാളം റിലീസുകളിൽ അതിവേ​ഗം 100 കോടിയിലേക്ക് കുതിക്കാൻ ഇനി അധികം ദിവസങ്ങളില്ല മഞ്ഞുമ്മൽ ബോയ്സിന്. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലെ തിയറ്റിൽ കണ്ടതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. മഞ്ഞുമ്മൽ ബോയ്സ് കണ്ട് അഭിമാനം തോന്നിയെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു.

വിനീതിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി:

ഒരു സിനിമാ പ്രേമി എന്ന നിലയിൽ, അത്രമേല്‍ ഇഷ്ടം തോന്നിയ സിനിമകള്‍ നല്‍കിയ അനുഭവങ്ങള്‍ ഞാന്‍ ഓർത്തുവയ്ക്കാറുണ്ട്. ഇൻസെപ്ഷൻ, ഷേപ്പ് ഓഫ് വാട്ടർ, ലാ ലാ ലാൻഡ് തുടങ്ങിയ സിനിമകൾ കാണുമ്പോൾ എൻഡ് ടൈറ്റിൽ പൂർത്തിയാകുന്നത് വരെ ഞാൻ സ്ക്രീനിൽ നോക്കിയിരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ അവസാനിച്ചപ്പോൾ തിയറ്ററില്‍ നിന്ന് വേ​ഗം ഇറങ്ങിപ്പോരാനാണ് ഞാന്‍ നോക്കിയത്. കാരണം ഞാന്‍ കരയുന്നത് മറ്റുള്ളവര്‍ കാണരുതെന്ന് കരുതി. ഇന്നലെ മഞ്ഞുമ്മല്‍ ബോയ്സ് കണ്ടതിന് ശേഷം ഞാന്‍ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരുന്നു. മലയാളികളല്ലാത്തവർ തിങ്ങിനിറഞ്ഞ ഒരു സിനിമാ തിയറ്ററിൽ, എനിക്കറിയാവുന്ന കുറച്ചുപേർ, ഞാൻ ബഹുമാനിക്കുന്ന കുറച്ചുപേർ ചേർന്ന് നിർമിച്ച ആ സിനിമ ഞാൻ കണ്ടു. അതിൽ കുറച്ചുപേർ എൻ്റെ സുഹൃത്തുക്കളുമാണ്. എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റിമറിക്കുന്നു. നമ്മള്‍ ആരെക്കാളും മുമ്പേ സുഷിന്‍ അത് മനസിലാക്കിയിരുന്നെന്ന് തോന്നുന്നു.

2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in