'അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ താൽപര്യമില്ല'; ഡാർക്ക്‌ സിനിമകൾ തന്റെ ജീവിതത്തിനെയും ബാധിക്കുമെന്ന് വിനീത് ശ്രീനിവാസൻ

'അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ താൽപര്യമില്ല'; ഡാർക്ക്‌ സിനിമകൾ തന്റെ ജീവിതത്തിനെയും ബാധിക്കുമെന്ന് വിനീത് ശ്രീനിവാസൻ
Published on

അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ താൽപ്പര്യമില്ലെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഡാർക്ക് സിനിമകൾ ചെയ്യുക എന്നത് തന്റെ ജീവിതത്തെ ബാധിക്കും എന്നതിനാലും അത്തരം അവസ്ഥയിലൂടെ കടന്നു പോകാൻ തനിക്ക് താൽപര്യമില്ലെന്നും വിനീത് പറയുന്നു‌. സിനിമയും ജീവിതവും തമ്മിൽ മാറ്റി നിർത്താൻ കഴിയുന്നവരുണ്ടാകും. എന്നാൽ താൻ അങ്ങനെയല്ലെന്നും ഒരു പക്ഷേ ഭാവിയിൽ അത്തരം സിനിമകൾ ചെയ്തേക്കാം എന്നും ദേശാഭിമാനി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് പറഞ്ഞത്:

അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ താൽപ്പര്യമില്ല. ഡാർക്ക്‌ സിനിമ ചെയ്‌താൽ അത്‌ എന്റെ ലൈഫിനെയും ബാധിക്കും. ആ അവസ്ഥ എന്നിലേക്കും കടന്നുവരും. ആ അവസ്ഥയിലൂടെ കടന്നുപോകാൻ താൽപ്പര്യമില്ല. വളരെ സന്തോഷത്തോടെയുള്ള ജീവിതമാണ്‌ ആഗ്രഹിക്കുന്നത്‌. അതിനാലാണ്‌ അത്തരം സിനിമകൾ ചെയ്യുന്നത്‌. ഏറ്റവും ചുരുങ്ങിയത്‌ സിനിമ സന്തോഷകരമായി അവസാനിക്കുന്നതാണ്‌ ഇഷ്ടം. സിനിമയും ജീവിതവും മാറ്റിനിർത്തി കാണാൻ കഴിയില്ല. അങ്ങനെ പറ്റുന്നവരുണ്ടാകും. എനിക്ക്‌ പറ്റില്ല. ഭാവിയിൽ അങ്ങനെ സിനിമയും ജീവിതവും രണ്ടായി കാണുന്ന സിനിമകൾ ചെയ്യാൻ ചിലപ്പോൾ ശ്രമിക്കും. ഒരുപക്ഷേ, അടുത്തത്‌ അങ്ങനെയൊന്ന്‌ ആകാം.

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം' . കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തും. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in