'പീഡനം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം നിവിൻ എന്റെ കൂടെ'; ആരോപണം തെറ്റെന്ന് തെളിയിക്കാൻ ഒരുപാട് തെളിവുകളുണ്ടെന്ന് വിനീത് ശ്രീനിവാസൻ

'പീഡനം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം നിവിൻ എന്റെ കൂടെ'; ആരോപണം തെറ്റെന്ന് തെളിയിക്കാൻ ഒരുപാട് തെളിവുകളുണ്ടെന്ന് വിനീത് ശ്രീനിവാസൻ
Published on

പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസം നിവിൻ പോളി തനിക്കൊപ്പം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിലുണ്ടായിരുന്നു എന്ന് വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ക്ലൈമാക്സ് സീൻ ഷൂട്ടിലായിരുന്നു തങ്ങളെല്ലാവരും എന്നും ഹോട്ടലിലെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചാൽ ഇക്കാര്യം എല്ലാവർക്കും വ്യക്തമാകുമെന്നും വിനീത് ശ്രീനിവാസൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

വിനീത് ശ്രീനിവാസൻ പറഞ്ഞത്:

ഡിസംബർ 14 രാവിലെ മുതൽ നിവിൻ നമ്മുടെ കൂടെയുണ്ടായിരുന്നു, തൃപ്പൂണിത്തുറ ന്യൂക്ലിയസ്സ് മാളിലായിരുന്നു ഷൂട്ട് തുടങ്ങിയത്. ഏട്ട് മണിയോട് കൂടി നിവിൻ ഷൂട്ടിം​ഗ് സെറ്റിൽ എത്തിച്ചേർന്നിരുന്നു. തിയറ്ററിനകത്തുള്ള ഭാ​ഗമായിരുന്നു ഞങ്ങൾ ആദ്യം ഷൂട്ട് ചെയ്തത്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ അവസാന ഭാ​ഗങ്ങളായിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അന്ന് ക്രൗഡായി അഭിനയിക്കാൻ വന്ന ആളുകളും അവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്ക് അത് തെളിയിക്കാൻ പാടുണ്ടാവില്ല. ന്യുക്ലിയസ് മാളിന് പുറത്തുവച്ചാണ് നിവിൻ സ്റ്റേജിലേക്ക് വരുന്ന സീനൊക്കെ ഞങ്ങൾ ഷൂട്ട് ചെയ്തത്. അന്ന് ഉച്ചയ്ക്ക് രണ്ടര മണിവരെ നമ്മൾ അവിടെ ഷൂട്ട് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ. അതിന് ശേഷം ഞങ്ങൾ ക്രൗൺ പ്ലാസയിലേക്ക് ഷിഫ്റ്റ് ചെയ്തു. ഫാർമ എന്ന വെബ് സീരിസിനിടെയിലാണ് നിവിൻ എനിക്ക് ഡേറ്റ് നൽകിയിരുന്നത്. നാല് ദിവസം മാത്രമേ എനിക്ക് ഡേറ്റ് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ നിവിന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നേരിട്ട് കോഡിനേറ്റ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടാണ് എനിക്ക് ഈ തീയതികൾ ഇത്രത്തോളം ഓർമ്മ നിൽക്കാൻ കാരണം.

ഡിസംബർ 1, 2, 3 തീയതികളിൽ നിവിൻ നമുക്ക് ഒപ്പം മൂന്നാറിൽ ഷൂട്ടിന് ഉണ്ടായിരുന്നു. അതിന് ശേഷം 14 നാണ് തിരിച്ച് ജോയിൻ ചെയ്തത്. 14 മുതൽ 15 രാവിലെ വരെ ഞങ്ങൾ ഷൂട്ടിലായിരുന്നു. 15 രാവിലെ ഒരു രണ്ടര മണി വരെ ഞങ്ങൾക്ക് ഷൂട്ട് ഉണ്ടായിരുന്നു. അതിന് ശേഷം ഞാനും നിവിനും ഭഗത്തും തുടങ്ങി ഞങ്ങൾ മലർവാടിയിലുള്ള പഴയ ആൾക്കാർ ഒക്കെക്കൂടി സംസാരിച്ച് ഇരുന്നിട്ടാണ് പിരിഞ്ഞത്. നിവിൻ ക്രൗൺ പ്ലാസയിൽ നിന്ന് തിരിച്ച് പോകുമ്പോൾ ഏകദേശം മൂന്നേകാൽ മണി ആയിട്ടുണ്ടാവും. ഫാർമ എന്ന വെബ് സീരീസിന്റെ ഷൂട്ടിനാണ് അവൻ പോകുന്നത് എന്ന് പറഞ്ഞതായാണ് എന്റെ ഓർമ. ഫാർമയുടെ ഷൂട്ട് കേരളത്തിൽ തന്നെയായിരുന്നു. കൃത്യമായ സ്ഥലം ഏതാണെന്ന് എനിക്ക് പറയാൻ സാധിക്കുന്നില്ല, 14 തീയതി മുഴുവൻ ഞങ്ങൾക്കൊപ്പം നിവിൻ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് സിസിടിവി ഫൂട്ടേജുകൾ കിട്ടും. നിവിന്റെ പേരിൽ ക്രൗൺ പ്ലാസയിൽ ഞങ്ങൾ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ സെറ്റിൽ ഫോട്ടോ എടുത്ത സ്റ്റിൽസ് നോക്കിയാൽ തീയതി അറിയാൻ സാധിക്കുമല്ലോ? ഇതെല്ലാം നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. പത്ത് മുന്നൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ എനിക്കൊപ്പം അന്ന് ഷൂട്ടിനുണ്ടായിരുന്നു. 14 മുതൽ 15 വരെ ഞാനുണ്ടായിരുന്നു അവന്റെ കൂടെ അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് എനിക്ക് നൂറ് ശതമാനം ഉറപ്പോടെ പറയാൻ സാധിക്കും. ഇതിൽ മറ്റൊരു വാദത്തിന്റെ ആവശ്യമില്ല ഇത് തെളിയിക്കാനുള്ള തെളിവുകൾ നിരവധിയുണ്ട്. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രൊഡ്യൂസറും ആർട്ട് ഡയറക്ടറും ഒക്കെ നമുക്കൊപ്പമുണ്ടായിരുന്നു. അന്നത്തെ ദിവസം പാർവതി ആർ കൃഷ്ണ എന്ന നടിയും നിവിനൊപ്പം സ്റ്റേജിലുണ്ടായിരുന്നു, ഇവർ ആരോട് വേണമെങ്കിലും നിങ്ങൾക്ക് ഇതിനെക്കുറിച്ച് ചോദിക്കാം. വിനീത് ശ്രീനിവാസൻ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in