'അവകാശം ചോദിച്ചു വാങ്ങിയപ്പോൾ അവസരങ്ങൾ നഷ്ടമായി, ഹേമ കമ്മിറ്റി റിപ്പോർട്ട് തരുന്നത് പ്രതികരിക്കാനുള്ള ധൈര്യം': വിൻസി അലോഷ്യസ്

'അവകാശം ചോദിച്ചു വാങ്ങിയപ്പോൾ അവസരങ്ങൾ നഷ്ടമായി, ഹേമ കമ്മിറ്റി റിപ്പോർട്ട് തരുന്നത് പ്രതികരിക്കാനുള്ള ധൈര്യം': വിൻസി അലോഷ്യസ്
Published on

അഭിനേത്രി എന്ന നിലയിൽ അവകാശങ്ങൾ ചോദിച്ചു വാങ്ങിയപ്പോൾ സിനിമയിലെ അവസരങ്ങൾ ചിലർ മുടക്കിയെന്ന് നടി വിൻസി അലോഷ്യസ്. ലൈംഗിക അതിക്രമം നേരിട്ടിട്ടില്ല. വേതനത്തെ സംബന്ധിച്ച് അനീതികൾ അനുഭവിച്ചു. അവകാശങ്ങളെക്കുറിച്ച് ചോദിച്ചതിന് തന്നെക്കുറിച്ച് കഥകൾ പ്രചരിപ്പിച്ചു. അതുകൊണ്ട് സിനിമയിലെ അവസരങ്ങൾ നഷ്ടമായി. പറഞ്ഞുറപ്പിച്ച വേതനം ലഭിക്കാത്ത അവസ്ഥയുണ്ട്.

സിനിമയിലുള്ള കളകൾ എടുത്തുമാറ്റണമെന്നും ആരോപണങ്ങളെക്കുറിച്ചുള്ള സത്യം പുറത്തുവരണമെന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. 'രേഖ' എന്ന ചിത്രത്തിലൂടെ 2023 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടിയാണ് വിൻസി അലോഷ്യസ്.

വിൻസി അലോഷ്യസ് പറഞ്ഞത്:

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേൾക്കുന്നത്. സത്യാവസ്ഥ എന്താണെന്നറിയാനാണ് കാത്തിരിക്കുന്നത്. ലൈംഗിക ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് മറ്റുള്ളവർ പറയുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി അന്വേഷിക്കണം. എല്ലാവരെയും പോലെ സത്യാവസ്ഥ പുറത്തുവരട്ടെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.

എനിക്ക് വ്യക്തിപരമായി ഉണ്ടായിട്ടുള്ള ദുരനുഭവം വേതനത്തെ കുറിച്ചാണ്. കോൺട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ട്. മുൻകൂറായി നൽകേണ്ട തുക സിനിമ തുടങ്ങിയ ശേഷമാണ് ലഭിക്കുക. പറഞ്ഞ തുക പലപ്പോഴും ലഭിക്കാത്ത അവസ്ഥയുണ്ട്. പൈസയുടെ കാര്യത്തിൽ സഹകരിക്കണം എന്നായിരിക്കും നിർമ്മാതാക്കളുടെ മറുപടി. നമ്മളും അനീതിയ്ക്ക് ഇരകളാണെന്ന് കുറേക്കൂടെ മനസ്സിലാക്കുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമാണ്. ദുരനുഭവം ഉണ്ടാകുമ്പോൾ ശബ്ദമുയർത്താനുള്ള ഇടമാണ് ഇപ്പോൾ ഉണ്ടാകുന്നത്.

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷെ ആധിപത്യം ഉള്ളതായി തോന്നിയിട്ടുണ്ട്. 'വിൻസി സിനിമയിൽ വന്നിട്ട് വെറും 5 വർഷം ആകുന്നുള്ളു, സിനിമ എന്താണെന്ന് വിൻസിക്ക് അറിയില്ല, അതിനിയും പഠിക്കാൻ ഇരിക്കുന്നതേയുള്ളു'; എന്ന മറുപടിയാണ് വേതനത്തിലെ അനീതി ചോദ്യം ചെയ്തപ്പോൾ എനിക്ക് ലഭിച്ചത്. കുറച്ചൊക്കെ ചോദ്യം ചെയ്യാം എന്ന ധൈര്യമാണ് ഇപ്പോൾ ഉണ്ടാകുന്നത്.

അവകാശം ചോദിച്ചു വാങ്ങിയാൽ ഈഗോയ്ക്ക് മുറിവേൽക്കുന്ന ഇടങ്ങൾ ഇവിടെയുണ്ട്. പിന്നീട് പല കഥകളാണ് നമ്മളെക്കുറിച്ച് പറയുന്നത്. അതിലൂടെ സിനിമയിലേക്കുള്ള അവസരം ഇല്ലാതെയാകുന്നുണ്ട്. അതാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും എന്നെക്കുറിച്ചുള്ള കഥകൾ ഞാൻ കേൾക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള തെളിവുകളും കയ്യിലുണ്ട്.

സത്യം പുറത്തുവരാതെ ഇപ്പോൾ കുറ്റാരോപിതരായിട്ടുള്ള ആളുകളെക്കുറിച്ച് എനിക്ക് ഒന്നും പറയാനാകില്ല. അതിജീവിതർ പറയുന്നത് വ്യാജമാണെന്നും എനിക്ക് പറയാൻ കഴിയില്ല. സത്യം തെളിയിക്കപ്പെടണം. കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനി ആവർത്തിക്കരുത്. മലയാള സിനിമയിൽ നമ്മൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന നടന്മാരെക്കുറിച്ചാണ് ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത്. മലയാള സിനിമയ്ക്ക് ഒരു ചീത്തപ്പേര് എന്നുള്ള നിലയിലാണ് ഇപ്പോൾ സംസാരം വരുന്നത്. പക്ഷെ സത്യം എന്തായാലും പുറത്തുവരണം. ഇതിലുള്ള കളകൾ എടുത്തു മാറ്റണം. സർക്കാരും മാധ്യമങ്ങളും പൊതുസമൂഹവും വിഷയത്തിൽ സജീവമായി ഇടപെടണം.

Related Stories

No stories found.
logo
The Cue
www.thecue.in