ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ
Published on

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരുടെ പാട്ടുകൾ ഇഷ്ടമാണെങ്കിലും പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതിന് ശേഷം തനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ​ഗാനങ്ങൾ പി ഭാസ്കരൻ മാഷിന്റേതാണെന്ന് ​ഗനരചയിതാവ് വിനായക് ശശികുമാർ. സർഗാത്‌മകമായി എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു എന്നും താൻ തന്നെ കമ്പോസ് ചെയ്ത ഒരു ട്യൂണിന് വേണ്ടി ഹൈസ്കൂൾ കാലത്താണ് ആദ്യമായി പാട്ടെഴുതുന്നതെന്നും വിനായക് പറയുന്നു. 11 വർഷത്തോളമായി ​ഗാനരചയിതാവായി സിനിമ പ്രവർത്തിച്ച തനിക്ക് ​ഗാനരചന അല്ലതെ മറ്റ് പല കാര്യങ്ങളും സിനിമയിൽ ചെയ്യണമെന്ന ആ​ഗ്രഹമുണ്ടെന്നും ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ വിനായക് ശശികുമാർ പറഞ്ഞു.

വിനായക് ശശികുമാർ പറഞ്ഞത്:

സർഗാത്‌മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കവിതയും പാട്ടും കഥയുമൊക്കെ എഴുതാറുണ്ടായിരുന്നു. സംഗീതോപകരണങ്ങളിലൊക്കെ കൈ വച്ചിട്ടുമുണ്ട്‌, പശ്ചാത്യ സംഗീതത്തിന്റേയും കർണാടിക്‌ സംഗീതത്തിന്റേയും പ്രാഥമികമായ അറിവും എനിക്കുണ്ട്‌. ഇതൊക്കെ എഴുത്തിനെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്‌. ഏഴിലോ എട്ടിലോ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പാട്ടെഴുതുന്നത്‌. ഞാൻ തന്നെ കമ്പോസ്‌ ചെയ്‌തൊരു ട്യൂണിന്‌ വേണ്ടിയായിരുന്നു അത്‌. പിന്നീട്‌ അത്‌ തുടരുകയായിരുന്നു. അപ്പോഴും സിനിമയിൽ എത്തിപ്പെടാൻ പറ്റുമോ എന്നൊന്നും അറിയില്ലായിരുന്നു. സിനിമയിൽ പല കാര്യങ്ങളും ചെയ്യണമെന്ന ആഗ്രഹവുമുണ്ട്‌. പാട്ടെഴുതുന്നത്‌ അതിനൊരു വഴി തെളിയിച്ചു എന്ന്‌ മാത്രം. പാട്ടെഴുതാൻ തുടങ്ങിയിട്ട്‌ ഇപ്പോൾ 11 വർഷം പൂർത്തിയാവുകയും ചെയ്തു. ഈ കാലയളവിൽ 150ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട്‌. കോളേജിൽ ഫസ്‌റ്റ്‌ ഇയർ പഠിക്കുമ്പോഴാണ്‌ ആദ്യ സിനിമ കിട്ടുന്നത്‌. തുടർന്നും പാട്ടുകളെഴുതിക്കൊണ്ടിരുന്നു. പഠിത്തത്തിനു ശേഷം ഒരു വർഷം ജോലി ചെയ്തു. പിന്നെ സിനിമ തന്നെയാണ്‌ എന്റെ വഴി എന്ന്‌ മനസിലായപ്പോൾ ജോലി രാജിവച്ച്‌ കൊച്ചിയിലേക്ക്‌ വരികയായിരുന്നു. ആദ്യ സിനിമയൊക്കെ ഫോൺ വിളിച്ചും മെസേജ്‌ അയച്ചുമൊക്കെ ചാൻസ്‌ ചോദിച്ച്‌ വന്നതു തന്നെയാണ്‌. ആ സമയത്ത്‌ ഒട്ടുമിക്ക സംവിധായകരുടെയടുത്തും ഞാൻ ഫോൺ വിളിച്ച്‌ ചാൻസ്‌ ചോദിച്ചിട്ടുണ്ട്‌.

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ പുറത്തു വന്നത്‌ ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം എന്നിവരുടെ പാട്ടുകളാണ്. അതുകൊണ്ടുതന്നെ അവരുടെ എഴുത്ത്‌ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. പി ഭാസ്‌കരൻ മാഷിനേയും ഇഷ്‌ടമാണ്‌. പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതിനു ശേഷം എനിക്ക്‌ എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചിട്ടുള്ളത്‌ ഭാസ്‌കരൻ മാഷിന്റെ പാട്ടുകളാണ്‌. പിന്നെ അന്നും ഇന്നും ഒരു വിദ്യാർത്ഥി എന്ന നിലയിൽ എല്ലാവരുടേയും പാട്ടുകൾ കേട്ട്‌ പഠിക്കാറുണ്ട്‌.

Related Stories

No stories found.
logo
The Cue
www.thecue.in