''ആട്ട'ത്തിന്റെ പൂർണ്ണത ഈ സിനിമ തിയറ്ററിൽ‌ എങ്ങനെ പെർഫോം ചെയ്യുന്നു എന്നുള്ളതാണ്'; വിനയ് ഫോർട്ട്

''ആട്ട'ത്തിന്റെ പൂർണ്ണത ഈ സിനിമ തിയറ്ററിൽ‌ എങ്ങനെ പെർഫോം ചെയ്യുന്നു എന്നുള്ളതാണ്'; വിനയ് ഫോർട്ട്
Published on

നവാ​ഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച് വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആട്ടം. ആട്ടം തനിക്ക് ഒരു സാധാരണ സിനിമയല്ല എന്ന് നടൻ വിനയ് ഫോർട്ട് പറയുന്നു. ഇന്ത്യയിൽ നിന്ന് കിട്ടാവുന്ന എല്ലാ ബഹുമതികളും കിട്ടിയ ഒരു സിനിമയാണ് ആട്ടം എന്ന പറഞ്ഞ വിനയ് ഫോർട്ട് നാടക തിയറ്റർ ​ഗ്രൂപ്പിലേക്ക് വരാൻ ബസ്സ് കാശില്ലാത്ത ഒരു പറ്റം നാടകക്കാരാണ് ഈ ചിത്രത്തിലെ അഭിനേതാക്കളെന്നും അതുകൊണ്ട് തന്നെ ഈ സിനിമ തിയറ്ററിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതും അതുമൂലം ഈ സിനിമയിലെ അഭിനേതാക്കളായ തന്റെ നാടക സുഹൃത്തുക്കൾക്ക് എങ്ങനെ അഭിനയിച്ച് ജീവിക്കാൻ സാധിക്കുമെന്നതിലുമാണ് ഈ സിനിമയുടെ യാത്ര പുർണ്ണമാകുന്നത് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിനയ് ഫോർട്ട് പറഞ്ഞത്:

എന്നെ സംബന്ധിച്ച് ആട്ടം എനിക്ക് ഒരു സാധാരണ സിനിമയല്ല, ഇന്ത്യയിൽ നിന്ന് കിട്ടാവുന്ന എല്ലാ ബഹുമതികളും ഈ സിനിമയ്ക്ക് കിട്ടി. ഒരു തിയറ്റർ ​ഗ്രൂപ്പിൽ എത്താൻ ബസ്സ് കാശില്ലാത്ത ഒരു പറ്റം നാടകക്കാരാണ് ഇതിലെ അഭിനേതാക്കൾ, ജീവിക്കാൻ പല തൊഴിൽ ചെയ്ത, ജീവിതാവസ്ഥയുടെ കർണ്ണഭാരം ചുമന്ന് ഞങ്ങൾ ചെയ്ത ഈ സിനിമ ഇന്ത്യൻ പനോരമയുടെ ഓപ്പണിം​ഗ് സിനിമയായി. ആനന്ദ് എഴുത്ത് തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ഈ സോൺ സേഫാണ് എന്ന്. ഈ സിനിമയുടെ പൂർണ്ണത എന്നത് ഈ സിനിമ തിയറ്ററിൽ‌ എങ്ങനെ പെർഫോം ചെയ്യുന്നു എന്നുള്ളതാണ്. ഐഎഫ്എഫ്കെയിൽ അവസാനത്തെ രണ്ട് ഷോയിൽ പോലീസിന്റെ വണ്ടി വന്ന് ക്രൗഡ് കൺട്രോൾ ചെയ്യേണ്ടി വന്നു. അത്രയ്ക്കധികം ആളുകൾ വന്നിട്ട്. എങ്ങനെ തിയറ്ററുകളിൽ തിരക്കുകൾ ഉണ്ടാക്കാം , ഏറ്റവും കൂടുതൽ ആളുകളെ എങ്ങനെ ഈ സിനിമ കാണിക്കാൻ പറ്റും? ഈ സിനിമ ഒരു കൊമേഴ്ഷ്യൽ സക്സസ്സായിട്ട് എന്റെ സുഹൃത്തുക്കൾക്കും ഈ അഭിനയിച്ച ചേട്ടന്മാർക്കും എങ്ങനെ ഒരു ബെറ്റർ ലെെഫ് ഉണ്ടാവുന്നു, അവർക്ക് എങ്ങനെ ഒരു ആർട്ടിസ്റ്റിക്ക് ലെെഫ് ഉണ്ടാകുന്നു, അഭിനയിച്ച് അവർക്ക് എങ്ങനെ ജീവിക്കാൻ പറ്റുന്നു, അത്തരം പരിപാടികൾ നടക്കുമ്പോഴാണ് കഴിഞ്ഞ ഒന്നര വർഷത്തെ ഞങ്ങളുടെ ഈ യാത്ര സന്തോഷമായിട്ട് പൂർണ്ണമാകുന്നത്.

ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ ഡോ. അജിത് ജോയ് നിർമ്മിച്ച ഈ ചിത്രം ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്.12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം. അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുകയും തുടർന്ന് ആ ക്രൈമിനെക്കുറിച്ചുള്ള ഇൻവെസ്റ്റിഗേഷനുമാണ് ആട്ടത്തിന്റെ ഇതിവൃത്തം. 2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രവും ആയിരുന്നു 'ആട്ടം.' 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ചിത്രം നേടിയിരുന്നു. ആട്ടം ഒരു ആർട്ട് ഹൗസ് സിനിമയോ ഇൻഡിപെൻഡന്റ് സിനിമയോ അല്ലെന്നും വളരെ ഫാസ്റ്റ് പേസ്ഡ് ആയിട്ടുള്ള ഒരു സിനിമയാണിതെന്നും. ഇതിന്റെ വിഷയം യൂണിവേഴ്സൽ ആയത് കൊണ്ടാണ് സിനിമക്ക് ഫെസ്റ്റിവൽ സെലക്ഷൻസ് കിട്ടിയതെന്നും ആനന്ദ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം ജനുവരി 5ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in