ഷങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. എസ് യു വെങ്കടേശന്റെ 'വീരയുഗ നായകന്‍ വേല്‍പ്പാരി' എന്ന നോവലിനെ അടിസ്ഥാനമാക്കി ഷങ്കർ നിർമിക്കുന്ന ചിത്രത്തിലാണ് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക. നീണ്ട ഇരുപത്തിയൊന്ന് വർഷത്തിന് ശേഷമാണ് വിക്രമും സൂര്യയും ഒന്നിക്കുന്നത്. ഹിസ്റ്റോറിക്കൽ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ഇരുവരെയും ഒരുമിച്ച് അണിനിരത്താൻ ഷങ്കർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാർത്ത പുറത്തു വന്നതോടെ ആരധാകർ വലിയ ആകാംഷയിലാണ്. എന്നാൽ നടന്മാരായ സൂര്യയോ വിക്രമോ സംവിധായകൻ ഷങ്കറോ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2003 ൽ ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന ചിത്രത്തിലാണ് സൂര്യയും വിക്രമും ഒടുവിലായി ഒരുമിച്ചെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഷങ്കറുമായി വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. മുമ്പ് അന്യൻ, ഐ എന്നീ ഹിറ്റ് ചിത്രങ്ങളാണ് ഷങ്കർ വിക്രം കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അതേസമയം സൂര്യയെ സംബന്ധിച്ച് ഷങ്കറിനൊപ്പമുള്ള ആദ്യ ചിത്രം കൂടിയാകും ഇത്. മുമ്പ് ഹിന്ദി ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കായ നൻപനിൽ ഷങ്കർ സൂര്യയെ പരിഗണിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
അതേ സമയം എസ് യു വെങ്കടേശന്റെ 'വീരയുഗ നായകന്‍ വേല്‍പ്പാരി' എന്ന നോവലിന്റെ അവകാശം താൻ സ്വന്തമാക്കിയതായി മുമ്പ് ഷങ്കർ തന്നെ അറിയിച്ചിട്ടുണ്ട്. രാം ചരണിനെ നായകനാക്കി ഒരുങ്ങുന്ന 'ഗെയിം ചേഞ്ചര്‍' ആണ് ഷങ്കറിന്റേതായി അടുത്തതായി തിയറ്ററിലെത്താനിരിക്കുന്ന ചിത്രം. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെതാണ് കഥ. സു വെങ്കിടേശന്‍, ഫര്‍ഹാദ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയത് സായ് മാധവ് ബുറയാണ്. ഇന്ത്യൻ ടു ആണ് ഷങ്കറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 1996 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഇന്ത്യ'ന്റെ രണ്ടാം ഭാഗമായിരുന്നു ഇന്ത്യൻ 2. ചിത്രം തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.