'അന്ന് ആ മണിരത്നം സിനിമ നഷ്ടമായതോർത്ത് രണ്ട് മാസം കരഞ്ഞു, പിന്നീട് അതിനെല്ലാം പകരംവീട്ടി': വിക്രം

'അന്ന് ആ മണിരത്നം സിനിമ നഷ്ടമായതോർത്ത് രണ്ട് മാസം കരഞ്ഞു, പിന്നീട് അതിനെല്ലാം പകരംവീട്ടി': വിക്രം
Published on

മണിരത്‌നം സംവിധാനം ചെയ്ത ഒരു സിനിമയിൽ നിന്ന് തന്നെ മാറ്റിയ അനുഭവം തുറന്നു പറഞ്ഞ് നടൻ വിക്രം. സിനിമയുടെ ഓഡിഷനിൽ കാണിച്ച മണ്ടത്തരം കാരണമാണ് തനിക്ക് സിനിമ നഷ്ടമായതെന്ന് വിക്രം പറഞ്ഞു. എവർഗ്രീൻ ചിത്രം 'ബോംബെ' ആണ് ആ സിനിമ. തന്നെയാണ് ആദ്യം നായകനായി നിശ്ചയിച്ചിരുന്നതാണ്. പിന്നീട് സിനിമ നഷ്ടമായപ്പോൾ രണ്ട് മാസക്കാലം അതോർത്തു കരഞ്ഞു. മണിരത്നം സിനിമയിൽ അഭിനയിക്കുക എന്നുള്ളത് തന്റെ അത്രയും വലിയ ആഗ്രഹമായിരുന്നു എന്നും പിന്നീട് അദ്ദേഹത്തിന്റെ രണ്ട് സിനിമകളിൽ അഭിനയിച്ച് പകരം വീട്ടിയെന്നും സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ വിക്രം പറഞ്ഞു.'തങ്കലാൻ' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാൻ' തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

വിക്രം പറഞ്ഞത്:

മണിരത്നത്തിന്റെ 'ബോംബെ' എന്ന ചിത്രം ഞാൻ നിരസിച്ചതല്ല. അതിന്റെ ഒഡീഷനിൽ മണ്ടത്തരം കാണിച്ചതുകൊണ്ട് നഷ്ടപ്പെട്ടതാണ്. ഓഡിഷന് വേണ്ടി ചെന്നപ്പോൾ ഫോട്ടോ എടുക്കുന്ന ഒരു ക്യാമറയുമായിട്ടാണ് മണിരത്നം സാർ വന്നത്. ഓടിപ്പോകുന്ന ഒരു പെൺകുട്ടിയെ നോക്കുന്ന സന്ദർഭമാണ് അന്ന് അഭിനയിക്കാൻ തന്നത്. ഫോട്ടോ എടുക്കുന്ന ക്യാമറ ആയതുകൊണ്ട് തന്നെ ചിത്രങ്ങൾ മങ്ങിപ്പോകുമെന്ന് കരുതി ഞാൻ അനങ്ങാതെ നിന്നു. അദ്ദേഹം അനങ്ങാൻ പറഞ്ഞിട്ടും അനങ്ങിയില്ല. വീഡിയോ എടുക്കുന്ന ക്യാമറ അല്ല, മറിച്ച് ഫോട്ടോ എടുക്കുന്ന ക്യാമറയാണ് മുന്നിൽ ഉള്ളത്. ഞാനാകെ സംശയത്തിലായിപ്പോയി. അനങ്ങിയാൽ ചിത്രങ്ങൾ മങ്ങുമെന്നാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെയാണ് അത് നഷ്ടമായത്.

മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. മണിരത്നത്തിന്റെയും ഷങ്കറിന്റെയും സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞാൽ അഭിനയത്തിൽ നിന്ന് റിട്ടയർ ചെയ്യാം എന്നൊക്കെയാണ് ആലോചിച്ചിരുന്നത്. അത്രയും പ്രധാനപ്പെട്ടതായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ സിനിമ. ബോംബെ എന്ന സിനിമയിൽ എന്നെ നായകനായി ഉറപ്പിച്ചതായിരുന്നു. രാവിലെ മനീഷ കൊയ്രാളയുടെ ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് എന്റെ ഫോട്ടോഷൂട്ടും നടന്നു. അതിന് ശേഷമാണ് ഞാൻ മണ്ടത്തരം കാണിച്ചത്.

രണ്ടു മാസത്തേക്ക് ആ സംഭവം എന്നെ വല്ലാതെ ബാധിച്ചു. എല്ലാ ദിവസ്സവും രാവിലെ എണീക്കുമ്പോൾ സിനിമ നഷ്ടപ്പെട്ടതിനെ ഓർത്തു കരയുമായിരുന്നു. ആ സിനിമ പിന്നീട് വലിയ പാൻ ഇന്ത്യൻ ചിത്രമായി മാറി. കൾട്ട് ആയി മാറി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ബോംബെയിലെ 'ഉയിരേ' എന്ന ഗാനം. ഒരു മണിരത്നം ചിത്രത്തിൽ ഇതുപോലെ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഞാൻ പ്രതികാരം ചെയ്തു. അദ്ദേഹത്തിന്റെ രണ്ട് സിനിമകളിലാണ് പിന്നീട് ഞാൻ അഭിനയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in