'ഒരു നടനെന്ന നിലയില്‍ ഏറ്റവും ആവേശകരമായ അനുഭവങ്ങള്‍'; പാ.രഞ്ജിത്ത് ചിത്രം 'തങ്കലാന്‍' പൂര്‍ത്തിയായി

'ഒരു നടനെന്ന നിലയില്‍ ഏറ്റവും ആവേശകരമായ അനുഭവങ്ങള്‍'; പാ.രഞ്ജിത്ത് ചിത്രം 'തങ്കലാന്‍' പൂര്‍ത്തിയായി
Published on

പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം 'തങ്കലാന്റെ' ചിത്രീകരണം പൂര്‍ത്തിയായി. 118 ദിവസങ്ങള്‍ നീണ്ട ചിത്രീകരണവും തന്നെ അതിശയിപ്പിക്കുന്ന ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിര്‍ക്കാന്‍ സാധിച്ചതിനും നന്ദി പറഞ്ഞുകൊണ്ട് നടന്‍ ചിയാന്‍ വിക്രമാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ റിലീസ് ചെയ്യും.

'അതിശയിപ്പിക്കുന്ന ചില ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. കൂടാതെ അഭിനേതാവെന്ന നിലയില്‍ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങള്‍ നേടുകയും ചെയ്തു. ഞാന്‍ പങ്കുവച്ച ആദ്യത്തെ ചിത്രത്തിനും അവസാനത്തെ ചിത്രത്തിനുമിടയില്‍ 118 ദിവസങ്ങള്‍. ഈ സ്വപ്നത്തില്‍ ജീവിക്കാന്‍ അനുവദിച്ചതിന് നന്ദി പാ.രഞ്ജിത്ത്.'

ചിയാന്‍ വിക്രം

വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തിന് വേണ്ടി വിക്രം ഏഴ് മാസത്തോളം കഠിനാധ്വാനം ചെയ്തു എന്ന വാര്‍ത്ത ഇതിന് മുന്‍പ് സംവിധായകന്‍ പാ.രഞ്ജിത്ത് പുറത്തുവിട്ടിരുന്നു. തങ്കലാന്റെ ചിത്രീകരണത്തിനിടയില്‍ വാരിയെല്ലിന് പരിക്കേറ്റ് വിക്രം ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു.

സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'നച്ചത്തിരം നഗര്‍കിര'താണ് പാ. രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. ജിവി പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്ന അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. എന്നാല്‍, ചിത്രത്തിന്റെ റിലീസ് തീയതിയും മറ്റ് വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in