കേരളത്തിലെ അഡ്വാന്‍സ് ബുക്കിങ് വിൽപ്പനയിൽ രണ്ട് കോടി കടന്ന് വിജയ് ചിത്രം 'ദ ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'. 1.62 ലക്ഷം ടിക്കറ്റുകളാണ് ഇതിനകം ഗോട്ടിനായി കേരളത്തിൽ മാത്രം വിറ്റു പോയത്. ഇന്ത്യൻ സമയം വൈകിട്ട് നാലുമണിയോടെ ഗോട്ടിനായി കേരളത്തിൽ മാത്രം ഷെഡ്യൂൾ ചെയ്യപ്പെട്ടത് 1528 ഷോകളാണ്. കേരളത്തിലാകെ മൊത്തത്തിൽ എഴുന്നൂറ് സ്ക്രീനുകളിലായി 4000 ത്തിൽ പരം ഷോകളാണ് വിജയ് ചിത്രം ഗോട്ട് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റ ആദ്യദിനത്തിനായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് മൂന്നുലക്ഷത്തി അറുപത്തി എണ്ണായിരം ആളുകളാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം സെപ്തംബർ അഞ്ചിന് തിയറ്ററുകളിലെത്തും.
ഗോട്ടിന്റെ മൊത്തം പ്രീ സെയില്‍ വരുമാനമായി കണക്കാക്കുന്നത് 10.52കോടിക്കും മുകളിലാണ്. ഈ വര്‍ഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയില്‍ കണക്കാണിത്. ഇന്ത്യന്‍ 2ന്റെ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറി കടന്നാണ് ഇപ്പോള്‍ ഗോട്ടിന്റെ കുതിപ്പ്. വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ദ ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മഹിമ ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.
മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോഗി ബാബു, വിടിവ ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.