പാട്ട് ഇഷ്ടപ്പെട്ടു, പക്ഷെ സിനിമ ആസ്വാദ്യമായില്ല; ബീസ്റ്റ് നിരാശപ്പെടുത്തിയെന്ന് വിജയുടെ പിതാവ്

പാട്ട് ഇഷ്ടപ്പെട്ടു, പക്ഷെ സിനിമ ആസ്വാദ്യമായില്ല; ബീസ്റ്റ് നിരാശപ്പെടുത്തിയെന്ന് വിജയുടെ പിതാവ്
User
Published on

വിജയ് നായകനായെത്തിയ ബീസ്റ്റ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബീസ്റ്റിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിവാക്കിയിരിക്കുകയാണ് വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍. ബീസ്റ്റിന്റെ തിരക്കഥയും സംവിധാനവും പോര എന്നാണ് ചന്ദ്രശേഖറിന്റെ നിരീക്ഷണം. വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം കേന്ദ്രീകരിച്ചെടുത്ത ചിത്രമാണ് ബീസ്റ്റ് എന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

സൂപ്പര്‍ താരങ്ങളെ നായകനാക്കി സിനിമ ചെയ്യുന്ന പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന്. ആദ്യത്തെ ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റാകുന്നതോടെ, സൂപ്പര്‍താര സിനിമയെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ആലസ്യത്തിലാകും. നായകന്റെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന് അവര്‍ കരുതും. ബീസ്റ്റ് ബോക്സ് ഓഫീസില്‍ വിജയമാണെങ്കിലും സംതൃപ്തി നല്‍കിയില്ലെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

'സിനിമയിലെ അറബിക് കുത്ത് എന്ന പാട്ട് ഞാന്‍ നന്നായി ആസ്വദിച്ചു. പക്ഷേ സിനിമ അത്ര ആസ്വാദ്യകരമായില്ല. സംവിധായകര്‍ സ്വന്തം ശൈലിയില്‍ സിനിമ ചെയ്യണം. അവര്‍ക്ക് അനുയോജ്യമായ വിനോദ ചേരുവകള്‍ സിനിമയില്‍ ഉള്‍പ്പെടുത്താം. വിജയ്‌യുടെ പ്രത്യേകത പാട്ടുകളും നൃത്തവുമാണ്. അതിനാല്‍ ഹൈജാക്ക് സീനുകളില്‍ കോമഡി ഉള്‍പ്പെടുത്തുമ്പോള്‍ പാട്ടുകളും ആവാമായിരുന്നു. സിനിമയില്‍ ഇന്ദ്രജാലം കാണിക്കാന്‍ കഴിയുക തിരക്കഥയിലൂടെയാണ്. എന്നാല്‍ ബീസ്റ്റിന് മികച്ച തിരക്കഥയില്ല. ബീസ്റ്റ് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തും. എന്നാല്‍ അത് തൃപ്തികരമല്ല ചന്ദ്രശേഖര്‍ പറഞ്ഞു.

80കളിലും 90കളിലും തമിഴില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത സംവിധായകനാണ് എസ് എ ചന്ദ്രശേഖര്‍. 'നാളൈയ തീര്‍പ്പ്' എന്ന ചന്ദ്രശേഖറിന്റെ സിനിമയിലൂടെയാണ് വിജയ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം.

നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൂജ ഹെഗ്ഡെ, അപര്‍ണ ദാസ്, സതീഷ്, സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവര്‍ വിജയിക്കൊപ്പം ബീസ്റ്റിലുണ്ട്. അനിരുദ്ധാണ് സംഗീതം. മനോജ് പരമഹംസയാണ് ഛായാഗ്രഹണവും നിര്‍മ്മല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in