വിജയ്ക്ക് ജാതിയോ മതമോ ഇല്ല, ജാതിക്കോളത്തില്‍ എഴുതിയത് 'തമിഴ്'; പിതാവ് എസ്.എ.ചന്ദ്രശേഖര്‍

വിജയ്ക്ക് ജാതിയോ മതമോ ഇല്ല, ജാതിക്കോളത്തില്‍ എഴുതിയത് 'തമിഴ്'; പിതാവ് എസ്.എ.ചന്ദ്രശേഖര്‍
Published on

വിജയ്ക്ക് ജാതിയോ മതമോ ഇല്ലെന്ന് പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍. നടന്റെ ജാതി സംബന്ധിച്ച വിവാദങ്ങള്‍ തുടരവെയാണ് പ്രതികരണം. സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് ജാതിക്കോളത്തില്‍ തമിഴ് എന്നാണ് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. സായം എന്ന പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ചന്ദ്രശേഖറിന്റെ വെളിപ്പടുത്തല്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെ കുറിച്ച് പറയുന്ന സിനിമയാണ് സായം. സമൂഹത്തിന്‍ ഉപകാരപ്രദമായ സിനിമകള്‍ ചെയ്യുന്ന സിനിമക്കാരെ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ സംസാരം ആരംഭിച്ചത്. 'സമൂഹത്തില്‍ നിന്ന് ജാതി തുടച്ച് നീക്കാന്‍ നമ്മള്‍ എന്താണ് ചെയ്തത്? എന്റെ മകന്‍ വിജയ്‌യെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയുടെയും മതത്തിന്റെയും കോളത്തില്‍ തമിഴ് എന്നാണ് എഴുതിയത്.

സ്‌കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിന് വരെ കാരണമാകുന്ന പ്രതിഷേധം ഞാന്‍ നടത്തുമെന്ന് പറഞ്ഞു. ഇതിന് ശേഷം മാത്രമാണ് അവര്‍ അപേക്ഷ സ്വീകരിച്ചത്. അതിന് ശേഷമുള്ള വിജയ്‌യുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ജാതി എന്ന കോളത്തില്‍ തമിഴ് എന്നാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക.

നമ്മളാണ് ജാതിക്ക് പ്രാധാന്യം നല്‍കുന്നത്. നിങ്ങള്‍ മനസുവെച്ചാല്‍, നമ്മുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി കോളങ്ങള്‍ പൂരിപ്പിക്കുന്നത് ഒഴിവാക്കാം. ഇതിലൂടെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ സമൂഹത്തില്‍ നിന്ന് ജാതി ഇല്ലാതാക്കാന്‍ കഴിയും', ചന്ദ്രശേഖര്‍ പറഞ്ഞു.

തന്റെ പുതിയ സിനിമയില്‍ അഭിനയിച്ച അഭി ശരവണന്‍ എന്ന നടന്‍ പേര് വിജയ് വിശ്വ എന്നാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ വിജയ് എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ചലനമുണ്ട്, ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലീമും ജാവേദും അവരുടെ ചിത്രങ്ങളില്‍ നായകന്മാര്‍ക്ക് വിജയ് എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അമിതാഭ് ബച്ചന്‍ അഭിനയിച്ച ചിത്രങ്ങളില്‍. അതുപോലെ ഞാനും എന്റെ സിനിമകളില്‍ വിജയ് എന്ന പേര് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുകൊണ്ടാണ് ഞാന്‍ എന്റെ മകന് വിജയ് എന്ന് പേരിട്ടത്. വിജയ് എന്നാല്‍ വിജയം എന്നാണ്', എസ്.എ.ചന്ദ്രശേഖര്‍ പറഞ്ഞു.

വിജയ്ക്ക് ജാതിയോ മതമോ ഇല്ല, ജാതിക്കോളത്തില്‍ എഴുതിയത് 'തമിഴ്'; പിതാവ് എസ്.എ.ചന്ദ്രശേഖര്‍
'ഒന്നേമുക്കാല്‍ ലക്ഷത്തിന് സിബിഐ പടം വാങ്ങി, ഓടിയത് ഒരു കൊല്ലം'; തിരുപ്പൂര്‍ സുബ്രഹ്മണ്യം പറഞ്ഞത്

Related Stories

No stories found.
logo
The Cue
www.thecue.in