പാട്ടും ഡാന്‍സും ഫൈറ്റുമില്ലാതെ സിനിമ വിജയിക്കുമെന്ന് 'കിഷ്‌കിന്ധാ കാണ്ഡം തെളിയിച്ചു': വിജയരാഘവന്‍

പാട്ടും ഡാന്‍സും ഫൈറ്റുമില്ലാതെ സിനിമ വിജയിക്കുമെന്ന് 'കിഷ്‌കിന്ധാ കാണ്ഡം തെളിയിച്ചു': വിജയരാഘവന്‍
Published on

പാട്ടും ഫൈറ്റും ഡാന്‍സുമില്ലാതെ ഒരു സിനിമ വിജയിക്കുമെന്ന് 'കിഷ്‌കിന്ധാ കാണ്ഡം' തെളിയിച്ചുവെന്ന് നടന്‍ വിജയരാഘവന്‍. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഗംഭീരമാണെന്ന് തോന്നിയെങ്കിലും പ്രേക്ഷകര്‍ കാണുമോ എന്ന് സംശയമുണ്ടായിരുന്നു. വേള്‍ഡ് ക്ലാസ്സിക്ക് എന്നുള്ള രീതിയിലാണ് ചിത്രത്തെക്കുറിച്ച് ചിലര്‍ അഭിപ്രായം തന്നോട് പറഞ്ഞത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. മലയാള സിനിമയുടെ വലിയ ഒരു മാറ്റമായിരിക്കും കിഷ്‌കിന്ധാ കാണ്ഡമെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിയറ്റര്‍ സന്ദര്‍ശനത്തിനിടയാണ് നടന്റെ പ്രതികരണം. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയരാഘവനുള്ള സമര്‍പ്പണമാണ് ചിത്രമെന്ന് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

വിജയരാഘവന്‍ പറഞ്ഞത്:

കിഷ്‌കിന്ധാ കാണ്ഡത്തിന് പിന്നില്‍ വലിയൊരു അധ്വാനമുണ്ട്. ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് സിനിമയുടെ തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്ത ബാഹുല്‍ രമേശിനോടാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയും ഗംഭീരമായ സിനിമ വളരെ അപൂര്‍വ്വമാണെന്നാണ് എന്നെ വിളിക്കുന്നവര്‍ പറയുന്നത്. വേള്‍ഡ് ക്ലാസ്സിക്ക് എന്നുള്ള രീതിയിലാണ് ചിലര്‍ പറയുന്നത്. അതെല്ലാം കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഗംഭീരമാണ് എന്ന് കരുതിയെങ്കിലും ഇത് പ്രേക്ഷകന്‍ കാണുമോ എന്ന് സംശയമുണ്ടായിരുന്നു. കാരണം ഇതില്‍ പാട്ടില്ല, ഡാന്‍സില്ല, ഫൈറ്റില്ല. പക്ഷെ അങ്ങനെയുള്ള സിനിമ വിജയിക്കും എന്നുള്ളതിന് വലിയ ഉദാഹരണമാണ് ഈ സിനിമ. അതുകൊണ്ട് തന്നെ ഇത് മലയാളസിനിമയുടെ വലിയ ഒരു മാറ്റമായിരിക്കും. ഇതിനെ ചുവടുപിടിച്ചുകൊണ്ട് ഇനിയും ഒരുപാട് സിനിമകള്‍ വരും.

സിനിമയിലെ അഭിനയത്തെ എന്റെ അച്ഛനുമായി താരതമ്യം ചെയ്യുന്നത് കേട്ടിരുന്നു. അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. മാധ്യമങ്ങള്‍ സിനിമയെക്കുറിച്ച് നല്ലത് പറയുന്നത് തന്നെ അവാര്‍ഡായിട്ടാണ് കരുതുന്നത്. 50 വര്‍ഷമായി സിനിമയിലുണ്ട്. ഇത്രയും നാള്‍ സിനിമയില്‍ നില്ക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ ഇഷ്ടപ്പെട്ടതുകൊണ്ടല്ലേ.

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാ കാണ്ഡം തിയറ്ററില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍, അശോകന്‍, ജഗദീഷ്, നിഷാന്‍ തുടങ്ങിയവവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥയും ഛായാഗ്രഹണവും ബാഹുല്‍ രമേശ് കൈകാര്യം ചെയ്തിരിക്കുന്നു. മുജീബ് മജീദിന്റേതാണ് സംഗീതം.

Related Stories

No stories found.
logo
The Cue
www.thecue.in