കിഷ്കിന്ധാ കാണ്ഡത്തിലെ അപ്പുപ്പിള്ളയെ അവതരിപ്പിച്ചത് മനസ്സുകൊണ്ടാണ് എന്ന് നടൻ വിജയരാഘവൻ. പൂക്കാലം എന്ന ചിത്രത്തിൽ വൃദ്ധ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അതിനെ സഹായിക്കാൻ മേക്കപ്പും ശരീരഭാഷയും ഉപയോഗിച്ചിരുന്നു എന്നും എന്നാൽ അപ്പുപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മനസ്സുകൊണ്ടാണ് തയ്യാറെടുത്തത് എന്നും വിജയരാഘവൻ പറഞ്ഞു. കഥാപാത്രം അസ്വസ്ഥമാകുമ്പോഴെല്ലാം കൈവിരലുകൾ ചേർത്ത് കൂട്ടിത്തിരുമ്മുന്നതൊക്കെ ചർച്ച ചെയ്യപ്പെടുന്നത് കാണുന്നുണ്ടെന്നും എന്നാൽ അതൊന്നും മുൻകൂട്ടി നിശ്ചയിച്ച് ചെയ്ത കാര്യങ്ങളല്ലായെന്നും മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ വിജയരാഘവൻ പറഞ്ഞു.
വിജയരാഘവൻ പറഞ്ഞത്:
പൂക്കാലത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മേക്കപ്പിന്റെയും ശരീരഭാഷയുടെയുമെല്ലാം സഹായം വേഷത്തിന് കൂട്ടുവന്നിരുന്നു. എന്നാൽ, കിഷ്‌കിന്ധാ കാണ്ഡത്തിലെ അപ്പുപിള്ളയെ മനസ്സു കൊണ്ടാണ് അവതരിപ്പിച്ചത്. അയാളുടെ അവസ്ഥ അയാളുടേത് മാത്രമാണ്, ജീവിതത്തിൽ സമാനരീതിയിൽ കടന്നു പോകുന്നവർ അത്തരത്തിൽ പെരുമാറണമെന്നില്ല. അങ്ങനെയുള്ള ഓരോ മനുഷ്യരുടെയും പെരുമാറ്റം ഓരോ തരത്തിലായിരിക്കും. ശക്തമായതിരക്കഥയുടെ പിൻബലത്തിൽ അപ്പുപിള്ള ഇങ്ങനെയൊക്കെയാകണമെന്ന് ഞാൻ മനസ്സുകൊണ്ട് ഉറപ്പിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ ഇടപെടലുകളും അസ്വസ്ഥമാകുമ്പോഴെല്ലാം കൈവിരലുകൾ ചേർത്ത് കൂട്ടിത്തിരുമ്മുന്ന പെരുമാറ്റത്തെക്കുറിച്ചും പലരും സംസാരിക്കുന്നുണ്ട്, അതൊന്നും മുൻകൂട്ടി നിശ്ചയിച്ച് ചെയ്തതല്ല. അഭിനയപ്രാധാന്യമുള്ള ഇത്തരം വേഷങ്ങൾ തേടിവരുന്നതാണ് കലാകാരന്റെ ഭാഗ്യം. അപ്പുപിള്ളയ്ക്കുവേണ്ടി വലിയ മുന്നൊരുക്കമൊന്നും നടത്തിയിട്ടില്ല. കഥാപാത്രത്തെ മനസ്സിലാക്കിക്കഴിയുമ്പോൾ ചിലതെല്ലാം തെളിയും. അതനുസരിച്ചാണ് ക്യാമറയ്ക്കുമുന്നിൽ നിൽക്കുന്നത്. അതെങ്ങനെയെന്ന് വിശദീകരിക്കാൻ കഴിയില്ല.
ആസിഫ് അലി, വിജരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. മികച്ച പ്രേക്ഷകപ്രതികരണമാണ് ഒരോ ഷോയ്ക്കും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എ ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.'കക്ഷി അമ്മിണിപ്പിള്ള'യ്ക്ക് ശേഷം ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. ചിത്രം ഇരുപതി കോടിക്ക് മേൽ കളക്ഷൻ നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അപര്‍ണ്ണ ബാലമുരളി, അശോകന്‍, ജഗദീഷ്, നിഷാന്‍ തുടങ്ങിയവവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദിന്റേതാണ് സംഗീതം.